പനമരം ടൗണിലെ ഗതാഗത സംവിധാനം പുനക്രമീകരിച്ചു

പനമരം: പനമരം ഗ്രാമപ്പഞ്ചായത്ത് ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി പനമരം ടൗണിലെ ഗതാഗത സംവിധാനം പുനക്രമീകരിച്ചു. പുതുക്കിയ രീതി ഇന്ന് മുതല്‍ നിലവില്‍വരും. ഇതുപ്രകാരം ബസ് സ്റ്റാന്റില്‍ അഞ്ചുമിനിറ്റ് മാത്രമാണ് ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സമയം. മറ്റ് സമയങ്ങളില്‍ കരിമ്പുമ്മല്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യണം. എന്‍പി സ്റ്റോര്‍ മുതല്‍ 200 മീറ്റര്‍ വരെയാണ് ഓട്ടോറിക്ഷാ പാര്‍ക്കിങ്. കനറാ ബാങ്ക് എടിഎം മുതല്‍ സിറ്റിയ്ക്കകത്ത് വാഹന പാര്‍ക്കിങ് പാടില്ല.
പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമേ വാഹനം പാര്‍ക്ക് ചെയ്യാവൂ. ഓട്ടോറിക്ഷയ്ക്കും ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കിങിന് സ്ഥലം അടയാളപ്പെടുത്തും. എം വെജിറ്റബിള്‍ മുതല്‍ കെഎസ്ഇബി വരെ നാലുചക്രവാഹനങ്ങള്‍ പാര്‍ക്കിങ്, കെഎസ്ഇബി മുതല്‍ എസ്ബിഐ വരെ  ത്രീ വീല്‍ വാഹന പാര്‍ക്കിങ്, മനോജ് ടെക്‌സ് മുതല്‍ മുസ്‌ലിം പള്ളി വരെ ഇരുചക്രവാഹന പാര്‍ക്കിങ് എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്. ട്രാക്ടര്‍, ടെംമ്പോ ട്രാവലര്‍ എന്നിവ ആര്യന്നൂര്‍ പനമരം പാലം നടക്കലില്‍ പാര്‍ക്ക് ചെയ്യണം. ന്യൂ സ്റ്റോര്‍ മുതല്‍ പോലിസ് സ്റ്റേഷന്‍ റോഡുവരെ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ട്.
ദീപ്തി മെഡിക്കല്‍സ് മുതല്‍ കെസി ഓയില്‍ സ്റ്റോര്‍സ് വരെയും, ഓര്‍കിഡ് ടെക്‌സ്റ്റൈല്‍സ് മുതല്‍ എംഎഎച്ച് ഹോട്ടല്‍ വരെയും, ഗവ. ഹോസ്പിറ്റല്‍ റോഡിനിരുവശത്തും പാര്‍ക്കിങ് പാടില്ല. ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്‍ഭാഗത്തും പിഡബ്ല്യൂഡി റോഡിലും ഓട്ടോറിക്ഷാ പാര്‍ക്കിങ് നിരോധിച്ചു.

RELATED STORIES

Share it
Top