പനച്ചിക്കാട് പടിയറക്കടവും ടൂറിസം മാപ്പിലേക്ക്

ചിങ്ങവനം:  പനച്ചിക്കാട് പാത്താമുട്ടത്തെ പടിയറക്കടവും ഇനി ടൂറിസം മാപ്പില്‍ ഇടം പിടിക്കും. ഇതിന്റെ ഭാഗമായ ടൂറിസം ഫെസ്റ്റ് വയലരങ്ങ് ഒമ്പത് മുതല്‍ 11 വരെ നടക്കും. ഗ്രാമീണ ജല ടൂറിസത്തിന്റെ അഞ്ച് കേന്ദ്രങ്ങളിലൊന്നായി പടിയറ തിരഞ്ഞെടുക്കപ്പെട്ടതോടെ ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കായി. കോട്ടയം ജില്ലയില്‍ പനച്ചിക്കാട് പഞ്ചായത്തിനും വാകത്താനം പഞ്ചായത്തിനുമിടെ തോടുകളാലും വയല്‍ ഭംഗി ക ളാലും സമൃദ്ധമാണ് പടിയറ. ചിങ്ങവനത്തിനും ചങ്ങനാശ്ശേരിക്കും ഏറെ അടുത്ത പ്രദേശമായ പടിയറ മീനച്ചിലാര്‍ കൊടുരാര്‍ മീനന്തറയാര്‍ നദീസംയോജന പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റത്തിലേക്ക് കടക്കുന്നത്. പനച്ചിക്കാട് ക്ഷേത്രം, വാകത്താനം പള്ളി, കൊട്ടാരത്തില്‍ ഭഗവതി ക്ഷേത്രം, പുതുപ്പള്ളി പള്ളി എന്നിവ ഉള്‍പെടുത്തി പില്‍ഗ്രിംസ് ടൂറിസത്തിനും പടിയറ തയ്യാറെടുക്കുന്നുണ്ട്. ഇവിടുത്തെ ടൂറിസം സാധ്യത തിരിച്ചറിഞ്ഞ് ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലും നിരവധി പദ്ധതികളുമായി രംഗത്തെത്തി. പടിയറയില്‍ വാക്ക് വേയും. സ്ട്രീറ്റ് ലൈറ്റുകളും ആദ്യഘട്ടമായി നിര്‍മിക്കും.ടോയ്‌ലറ്റുകള്‍ക്കും ഭക്ഷണശാലകള്‍ക്കും ഫണ്ട് ലഭ്യമാക്കും. ഒരു കോടി രൂപയുടെ പദ്ധതികളാണ് അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദു നായര്‍ പറഞ്ഞു പടിയറക്കടവ് മുതല്‍ ചിങ്ങവനം ടെസില്‍ വരെ നീളുന്ന പുത്തന്‍തോട് ടൂറിസത്തിന്റെ ഭാഗമായി ആഴം കൂട്ടി നവീകരിക്കും. പെഡല്‍ ബോട്ടുകളടക്കം തോട്ടില്‍ ജല വിനോദത്തിനായി സജ്ജീകരിക്കും. കോന്നി മാതൃകയില്‍ കൊട്ട വഞ്ചി യാത്രയും ഉദേശിക്കുന്നുണ്ട്. പടിയറ വാകത്താനം റോഡിലൂടെ സൈക്കിള്‍ സവാരിക്കുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്. ഉല്ലാസ തീരം റസിഡന്റ്‌സ് അസോസിയേഷന്‍, സെന്റ് ഗിറ്റ്‌സ് കോളജ്, പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്ത്, മറ്റ് സംഘടനകള്‍ നദീസംയോജന കൂട്ടായ്മ എന്നിവരെല്ലാം ചേര്‍ന്നാണ് അധികമാരും അറിയപ്പെടാതിരുന്ന പടിയറയെ ഉയര്‍ത്തി കൊണ്ട് വരുന്നത്.ഇതിന്റെ ഭാഗമായി തന്നെ ഒമ്പത് മുതല്‍ വയലരങ്ങ് ടൂറിസം ഫെസ്റ്റിനും തുടക്കമാകും. പകല്‍ നാടന്‍ ഭക്ഷണ വിഭവങ്ങളും ശീതള പാനീയങ്ങളുമൊരുക്കി പടിയറ സഞ്ചാരികളെ വരവേല്‍ക്കും.വൈകിട്ട് അഞ്ച് മുതല്‍ നാടന്‍ പാട്ടും നൃത്യ സന്ധ്യകളും ഫെസ്റ്റിന് ചാരുതയേകും.

RELATED STORIES

Share it
Top