പദ്ധതി നിര്‍വഹണം 65.43%; 26,500 കോടിയില്‍ വിനിയോഗിച്ചത് 17,338 കോടി

എന്‍  എ   ശിഹാബ്

തിരുവനന്തപുരം: 2017-18 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ പദ്ധതി വിനിയോഗം 65.43 ശതമാനം. പദ്ധതി വിഹിതത്തിനായി അനുവദിച്ച 26,500 കോടി രൂപയില്‍ 17,338 കോടിയാണ് ചെലവഴിച്ചിരിക്കുന്നത്. ഈ മാസം ഏഴുവരെയുള്ള കണക്കാണിത്.
പദ്ധതി വിനിയോഗത്തില്‍ ഡിസംബര്‍ 31നകം 67 ശതമാനം ചെലവഴിക്കണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അവസാന മൂന്നുമാസം ശേഷിക്കുന്ന 33 ശതമാനം പൂര്‍ത്തീകരിക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴും ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ഭൂരിഭാഗം വകുപ്പുകള്‍ക്കും ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ജിഎസ്ടി നടപ്പാക്കിയതോടെ ഉടലെടുത്ത സാങ്കേതിക പ്രശ്‌നങ്ങള്‍ പദ്ധതി നിര്‍വഹണത്തിനു തിരിച്ചടിയായതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വേണ്ടി ഒരു രൂപ പോലും ചെലവഴിക്കാന്‍ സാധിച്ചിട്ടില്ല. 728.67 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. 1.20 കോടി രൂപ അനുവദിച്ചിരുന്ന നിയമവകുപ്പും ഒന്നും ചെലവഴിച്ചിട്ടില്ല. ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പിന് 135.71 കോടി അനുവദിച്ചിരുന്നു. എന്നാല്‍ 14.98 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പാണ് ഏറ്റവും മികച്ച രീതിയില്‍ പ്രകടനം കാഴ്ചവച്ചത്. 179 ശതമാനമാണ് പദ്ധതി വിനിയോഗം. 1679.82 കോടി അനുവദിച്ചപ്പോള്‍ 3008.70 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. 106.43 ശതമാനം വിനിയോഗിച്ച പൊതുമരാമത്ത് വകുപ്പ് 100 ശതമാനം മറികടന്നു. 1650.13 കോടി അനുവദിച്ചതില്‍ നിന്ന് 1756.23 കോടി ചെലവഴിച്ചു. കൃഷിവകുപ്പ്- 56.66, മൃഗസംരക്ഷണം-61.64, സഹകരണം- 40.44, സംസ്‌കാരിക വകുപ്പ്- 43.99, പരിസ്ഥിതി- 38.06, ധനവകുപ്പ്- 49.31, ഫിഷറീസ്- 62.59, വനംവകുപ്പ്- 49.31, പൊതുഭരണം- 58.51, പൊതുവിദ്യാഭ്യാസം- 42.32, ആരോഗ്യം- 54.56, ഉന്നത വിദ്യാഭ്യാസം- 32.55, ആഭ്യന്തരം വിജിലന്‍സ്- 38.64, ഹൗസിങ്- 13.83, വ്യവസായം- 67.94, പൊതുജന സമ്പര്‍ക്കം- 54.93, തൊഴില്‍- 70.86, ലെജിസ്ലേറ്റര്‍- 56.52, മറുനാടന്‍ തൊഴിലാളി- 43.25, ഭരണപരിഷ്‌കാരം- 75.64, പ്ലാനിങും സാമ്പത്തിക കാര്യവും- 35.03, തുറമുഖം- 42.42, വൈദ്യുതി- 77.04, റവന്യൂ- 31.79, എസ് സി- 64.85, എസ് ടി- 56.89, സയന്‍സ് ആന്റ് ടെക്‌നോളജി- 25.88, സാമൂഹികനീതി- 52.46, സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫേഴ്‌സ്- 98.68, ടാക്‌സസ്- 13.3, ടൂറിസം- 63.92, ട്രാന്‍സ്‌പോര്‍ട്ട്- 103.1, ജലഗതാഗതം- 44.81, എല്‍എസ്ജി ഇന്‍സ്റ്റിറ്റിയൂഷന്‍- 58.03 ശതമാനം എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളുടെ ചെലവഴിച്ച തുക.

RELATED STORIES

Share it
Top