പദ്ധതി അംഗീകാരം നേടിയ ആദ്യ ജില്ലാപഞ്ചായത്തായി കണ്ണൂര്‍ ; നാല് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കു കൂടി അംഗീകാരം



കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കു കൂടി ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. കീഴല്ലൂര്‍, ഉളിക്കല്‍, ചെറുകുന്ന് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതികളാണ് മറ്റുള്ളവ. ഇതോടെ 13ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടുന്ന ആദ്യ ജില്ലാ പഞ്ചായത്തായി കണ്ണൂര്‍ മാറി. 367 പുതിയ പ്രൊജക്റ്റുകളും 331 സ്പില്‍ഓവര്‍ പ്രൊജക്റ്റുകളും ഉള്‍പ്പെടെ 78.4 കോടി രൂപയുടെ 698 പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ചത്. സയന്‍സ് ഫെസ്റ്റ്(40 ലക്ഷം), ജെന്റില്‍ വുമണ്‍(20 ലക്ഷം) ഉള്‍പ്പെടെ 7 കോടിയിലേറെ വരുന്ന വനിതാ ശാക്തീകരണ പദ്ധതികള്‍, കാര്‍ഷിക സ്വയംപര്യാപ്ത ഗ്രാമം(ഒരു കോടി), ഇതരഭാഷാ സൗഹൃദ പഠന കേന്ദ്രം(12 ലക്ഷം) തുടങ്ങിയ നൂതന പദ്ധതികളുള്‍പ്പെടുന്നതാണ് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി. സാന്ത്വന പരിചരണം ഗ്രാമങ്ങളിലെത്തിക്കുന്നതിന് 1.25 കോടിയും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 96 ലക്ഷവും സംയുക്ത പദ്ധതികളിലായി വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് 7.5 കോടിയും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 2.6 കോടിയും വിവിധ പദ്ധതികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. 69 പുതിയ പ്രൊജക്ടുകളും 32 സ്പില്‍ഓവര്‍ പ്രൊജക്ടുകളുമുള്‍പ്പെടെ 8.4 കോടി രൂപയുടെ 101 പദ്ധതികള്‍ അടങ്ങിയതാണ് കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രേഖ. ഉളിക്കല്‍ പഞ്ചായത്തിന്റെ ആകെ 177 പദ്ധതികളില്‍ 122 എണ്ണം പുതിയവയും 55 എണ്ണം കഴിഞ്ഞ വര്‍ഷത്തെ തുടര്‍പദ്ധതികളുമാണ്. 69 പുതിയ പ്രൊജക്റ്റുകളും 17 സ്പില്‍ഓവര്‍ പ്രൊജക്ടുകളുമുള്‍പ്പെട്ട ചെറുകുന്ന് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 3.46 കോടിയാണ് അടങ്കല്‍ തുകയായി കണക്കാക്കിയിട്ടുള്ളത്. കോളയാട്, ചെറുതാഴം, കുറുമാത്തൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ അവ പരിശോധിച്ച് അംഗീകാരം നല്‍കാനും ആസൂത്രണ സമിതി തീരുമാനിച്ചു. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഈമാസം 31നകം വാര്‍ഷിക പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, പി പി ദിവ്യ, ടി ടി റംല, കെ ശോഭ, എം സുകുമാരന്‍, പി കെ ശ്യാമള, അജിത്ത് മാട്ടൂല്‍, പി ഗൗരി, സുമിത്ര ഭാസ്‌കരന്‍, പി ജാനകി, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top