പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തത് ഫണ്ട് ലഭ്യത കുറച്ചു: മന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതിപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തത് സംസ്ഥാനത്തിന് ബാഹ്യ ഏജന്‍സികളില്‍ നിന്നു ലഭിക്കുന്ന ഫണ്ട് കുറയാന്‍ കാരണമായതായി മന്ത്രി കെ ടി ജലീല്‍. നബാര്‍ഡ് സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നബാര്‍ഡ്, ലോകബാങ്ക്, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവ വര്‍ഷങ്ങള്‍ കഴിഞ്ഞ് പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന ധാരണ എല്ലാ വകുപ്പുകളിലും നിലനില്‍ക്കുകയാണ്. ഇത് ആത്മവിമര്‍ശനത്തോടെ തിരുത്തിയില്ലെങ്കില്‍ ബാഹ്യ ഏജന്‍സികളില്‍ നിന്നുള്ള ഫണ്ട് കുറയും. ലോകബാങ്കിന്റെ രണ്ടാം ഗഡു സഹായം ലഭിക്കുന്നതിന് സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞ പ്രധാന കാര്യം കേരളത്തില്‍ സമയബന്ധിതമായി ഫണ്ടുകളുടെ വിനിയോഗം നടക്കുന്നില്ല എന്നായിരുന്നു. കഴിഞ്ഞ വര്‍ഷം 1000 കോടി ലഭിച്ചിരുന്ന നബാര്‍ഡ് ഫണ്ട് ഈ വര്‍ഷം 600 കോടിയായി കുറഞ്ഞു.
നബാര്‍ഡിന്റെ ആര്‍ഐഡിഎഫ് പദ്ധതികള്‍ക്കുള്ള ഫണ്ട് 45 കോടിയില്‍ നിന്ന് 25-30 കോടിയായും താഴ്ന്നു. അനുവദിച്ച പണം വിനിയോഗിക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ക്ക് തുടര്‍വര്‍ഷങ്ങളില്‍ പണം നല്‍കില്ല. ഇക്കാര്യത്തില്‍ ധനമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശമുണ്ടെന്നും മന്ത്രി പറഞ്ഞു. ജലസംരക്ഷണ പദ്ധതികള്‍ക്ക് ഓരോ വര്‍ഷവും വകയിരുത്തുന്ന ഫണ്ട് വര്‍ധിച്ചുവരുകയാണ്. കേരളത്തിനു ലഭിക്കുന്ന മഴ കിണര്‍ റീചാര്‍ജിങിനായി വിനിയോഗിച്ചാല്‍ ജലസംരക്ഷണപദ്ധതിയില്ലാതെ തന്നെ ജലസമൃദ്ധിയുണ്ടാക്കാന്‍ കഴിയും. സമ്പൂര്‍ണ കിണര്‍ റീചാര്‍ജിങ് സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാന്‍ നടപടിയുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top