പദവിക്കു കളങ്കമുണ്ടാക്കുന്ന തരത്തില്‍ മോദി നടത്തുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയം

കാസര്‍കോട്: പ്രധാനമന്ത്രി എന്ന പദവിക്ക്‌പോലും കളങ്കമുണ്ടാക്കുന്ന തരത്തില്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് നരേന്ദ്രമോദി നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഡിസിസി നേതൃയോഗം സിറ്റിടവര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് ശേഷം, കോണ്‍ഗ്രസ് ഭരണത്തിലൂടെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉന്നതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന ഇന്ത്യയെ സര്‍വ മേഖലയും തകര്‍ത്തു തരിപ്പണമാക്കുകയാണ് നരേന്ദ്രമോദി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു മോദി ഭരണം. ഫലത്തില്‍, പിണറായിയുടെ എല്ലാം ശരിയാക്കാം എന്നതും മോദിയുടെ അച്ഛാദിന്‍ വരവും ജനങ്ങള്‍ക്കുള്ള ദുരിതങ്ങളെ ഉദ്ദേശിച്ചായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
പ്രളയ ദുരിത ബാധിതര്‍ക്കായുള്ള കെപിസിസിയുടെ ആയിരം ഭവന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ചെയര്‍മാനായി മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ജനറല്‍സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, എ പൗലോസ്, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, പി എ അഷ്‌റഫലി, ബാലകൃഷ്ണ വോര്‍കുഡലു, അഡ്വ സുബ്ബയ്യ റൈ, അഡ്വ. എ ഗോവിന്ദന്‍ നായര്‍ സംസാരിച്ചു.
രാവിലെ മാവേലി എക്‌സ്പ്രസില്‍ എത്തിയ കെപിസിസി പ്രസിഡന്റും ഭാരവാഹികളും മുന്‍ എംപി പരേതനായ ഐ രാമറൈയുടെ വസതി സന്ദര്‍ശിച്ച ശേഷം മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് കെഎസ്‌യു രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഡിസിസി ഓഫിസില്‍ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഡിസിസി നേതൃയോഗത്തില്‍ സംബന്ധിക്കാനെത്തിയത്.

RELATED STORIES

Share it
Top