പത്രവിതരണത്തിനിടെ അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

പുനലൂര്‍:ദേശീയ പാതയില്‍ വാളക്കോട് പത്രവിതരണത്തിനിടെ സ്‌കൂട്ടറില്‍ ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറി രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. സിപിഎം പുനലൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പത്ര ഏജന്റുമായ പുനലൂര്‍ പ്ലാച്ചേരി ഞാക്കയില്‍ വീട്ടില്‍ എ പ്രകാശ് (54), ഒപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത പുനലൂര്‍ കലയനാട് തുണ്ടു വിള വീട്ടില്‍ പ്രവീണ്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ അഞ്ചിനാണ് സംഭവം. കലയനാട് നിന്ന് വാളക്കോട് ഭാഗത്തേക്ക് സ്‌കൂട്ടറില്‍ സഞ്ചരിച്ച് പത്രം വിതരണം ചെയ്യുകയായിരുന്ന പ്രകാശിനൊപ്പം പുനലൂര്‍ ഭാഗത്തേക്ക്് പോകാന്‍ കയറിയതാണ് പ്രവീണ്‍.
ഇരുവരും വാളക്കോട് സ്‌ക്കുളിന് അല്‍പ്പം അകലെയുള്ള വലിയ വളവ് ഭാഗത്ത് എത്തിയപ്പോള്‍ ലോറി നിയന്ത്രണം വിട്ട് എത്തി സ്‌കൂട്ടറില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്ന് ലോറിയുടെ മുന്‍ ചക്രത്തില്‍ കുടുങ്ങി.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രകാശിനെയും പ്രവീണിനെയും നാട്ടുകാര്‍ പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ ലഭ്യമാക്കിയ ശേഷം
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഇരുവരെയും ശസ്ത്രക്രിയക്ക് വിധേയരാക്കി. അപകടത്തിനിടയാക്കിയ ലോറി ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നതായി പരാതിയുണ്ട്. അപകടത്തില്‍ പരിക്കേറ്റവരുടെ പണം സംഭവസ്ഥലത്ത് നിന്ന് കൈക്കലാക്കാന്‍ മറ്റൊരു ലോറി ജീവനക്കാരന്‍ ശ്രമിച്ചത് നാട്ടുകാര്‍ കൈയോടെ പിടികൂടുകയും ചെയ്തു.

RELATED STORIES

Share it
Top