പത്മാവത്: നിലപാട് തിരുത്തി കര്‍ണിസേന;ചിത്രം രജപുത്രരെ മഹത്വവല്‍ക്കരിക്കുന്നത്,പ്രതിഷേധം പിന്‍വലിക്കും

ജയ്പൂര്‍:സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാനൊരുങ്ങി കര്‍ണിസേന. ചിത്രം രജപുത്രരെ മഹത്വവല്‍ക്കരിക്കുന്നതാണെന്നാണ് കര്‍ണിസേനയുടെ ഇപ്പോഴത്തെ നിലപാട്.കര്‍ണിസേന പ്രവര്‍ത്തകരായ ചിലര്‍ കഴിഞ്ഞദിവസം ചിത്രം കണ്ടിരുന്നുവെന്നും ഇത് രജപുത്ര വംശത്തെ മഹത്വവല്‍ക്കരിക്കുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടതായും കര്‍ണിസേന മുംബൈ നേതാവ് യോഗേന്ദ്ര സിങ് ഖട്ടര്‍ പറഞ്ഞു. പത്മാവത് കണ്ടാല്‍ ഓരോ രജപുത്രരും അഭിമാനിക്കുമെന്ന അഭിപ്രായം സംഘടനയില്‍ ഉയര്‍ന്നുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.രാജസ്ഥാന്‍, മധ്യപ്രദേശ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പത്മാവതിനെതിരെ നടക്കുന്ന പ്രതിഷേധം പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും കര്‍ണിസേന ദേശീയ അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗൊഗമാഡിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ണിസേനയുടെ പ്രതിഷേധത്തെതുടര്‍ന്നാണ് പത്മാവതിന്റെ പേരിലടക്കം മാറ്റങ്ങള്‍ വരുത്താന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും നായിക ദീപിക പദ്‌ക്കോണിനുമെതിരെ വധഭീഷണിയടക്കം ഉയര്‍ന്നിരുന്നു. പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായ തിയേറ്ററുകള്‍ക്കെതിരെയും കര്‍ണിസേന പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു.

RELATED STORIES

Share it
Top