പത്തുവര്‍ഷത്തിനിടയിലെ കുറഞ്ഞ മുസ്‌ലിം പ്രാതിനിധ്യം; ഇത്തവണ ഏഴ് എംഎല്‍എമാര്‍

ബംഗളൂരു: 224 അംഗ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചത് വെറും ഏഴു മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മാത്രം. 13 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനത്തെ സ്ഥിതിയാണിത്. ഒരു പതിറ്റാണ്ടിനിടെ കര്‍ണാടക നിയമസഭയിലെ ഏറ്റവും കുറഞ്ഞ മുസ്‌ലിം പ്രാതിനിധ്യമാണിത്. ജയിച്ച ഏഴുപേരും കോണ്‍ഗ്രസ് അംഗങ്ങളാണ്. 2008ല്‍ ഒമ്പതു മുസ്‌ലിം എംഎല്‍എമാരുണ്ടായിരുന്നു. 2013ലെ തിരഞ്ഞെടുപ്പില്‍ ഇത് 11 ആയി ഉയരുകയും ചെയ്തിരുന്നു. ഇവരില്‍ ഒമ്പതുപേര്‍ കോണ്‍ഗ്രസ് അംഗങ്ങളും രണ്ടു പേര്‍ ജെഡിഎസ് അംഗങ്ങളുമായിരുന്നു. കര്‍ണാടക നിയമസഭയിലെ ഏറ്റവും ഉയര്‍ന്ന മുസ്‌ലിം പ്രാതിനിധ്യം 1978ലേതാണ്. 16 എംഎല്‍എമാരുണ്ടായിരുന്നു ഇക്കാലയളവില്‍.ഏറ്റവും കുറവ് പ്രതിനിധികള്‍ നിയമസഭയിലെത്തിയത് 1998ലെ രാമകൃഷ്ണ ഹെഗ്‌ഡെ മന്ത്രിസഭയിലായിരുന്നു. രണ്ട് എംഎല്‍എമാര്‍ മാത്രം. ഇത്തവണ 224 സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത് 17 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ്. ജനതാദള്‍ എട്ട് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് അവസരം നല്‍കി. അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ജെഡിഎസിനു പിന്തുണ നല്‍കിയിരുന്നെങ്കിലും ഇവരില്‍ ഒരാളും വിജയിച്ചില്ല. മൂന്നിടങ്ങളില്‍ ശ്രദ്ധേയ മല്‍സരം കാഴ്ചവച്ച എസ്ഡിപിഐക്കും സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായില്ല.  കര്‍ണാടകയില്‍ 19 മണ്ഡലങ്ങളില്‍ വോട്ടര്‍മാരില്‍ 30 ശതമാനത്തിലേറെ മുസ്‌ലിംകളുണ്ട്. ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രാതിനിധ്യം വളരെ കുറഞ്ഞത് സമുദായ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

RELATED STORIES

Share it
Top