പത്താമുദയം

ഇന്നലെയായിരുന്നു പത്താമുദയം. മേടമാസത്തിലെ 10ാം ദിവസമാണിത്. വിഷു കഴിഞ്ഞുള്ള 10ാം ദിവസം തൈകള്‍ നടാനുള്ള ദിവസമായി പഴമക്കാര്‍ നിശ്ചയിച്ചത് അന്ധവിശ്വാസമായി കണക്കാക്കേണ്ടതില്ല, മറിച്ച് അതൊരു നാട്ടറിവാണ്. ഉത്തരാര്‍ധഗോളത്തില്‍ കിടക്കുന്ന നമ്മുടെ നാട്ടില്‍ മേടം 10 കഴിഞ്ഞാല്‍ ചൂടു കുറയുമെന്നാണു കണക്ക്. അതിനാല്‍ മേടം 10ന് തൈകള്‍ നട്ടാല്‍ അന്തരീക്ഷവായുവിന് ചൂടു കുറവായതിനാല്‍, ചെറിയൊരു നനകൂടി ഉണ്ടായാല്‍ മണ്ണില്‍ എളുപ്പത്തില്‍ വേരുപിടിക്കുമെന്നാണു പഴയകാലത്തെ അനുഭവം. കാലാവസ്ഥാ വ്യതിയാനം ഇത്തരം കണക്കുകള്‍ തെറ്റിക്കുമെന്ന കഥ വേറെ.
ചേനയൊഴിച്ചുള്ള എല്ലാ നടുതലകളും ഈ സമയത്താണു നടേണ്ടത്. ചേന കുംഭത്തില്‍ നടുന്നതാണു നല്ലത്. 'കുംഭത്തില്‍ നട്ടാല്‍ കുന്നോളം' എന്നാണു ചൊല്ല്. അതിലുമുണ്ട് ചേനയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകള്‍. അതേപോലെ തന്നെ ചില പച്ചക്കറികള്‍ കറുത്ത പക്ഷത്തില്‍ നടണമെന്നുണ്ട്. അവ പൂവിടുന്നത് നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം കറുത്ത പക്ഷത്തില്‍ തന്നെയായിരിക്കും. അക്കാലത്ത് പ്രത്യക്ഷപ്പെടുന്ന നിശാശലഭങ്ങളായിരിക്കും ഈ പൂവുകളില്‍ പരാഗണം നടത്തുക. എങ്കില്‍ മാത്രമേ കായ് പിടിക്കുകയുള്ളൂ. അതിനാല്‍ കറുത്ത വാവുകാലത്ത് മത്തന്‍ നടണമെന്നു പറയുന്നതില്‍ യുക്തിയില്ലെന്നു പറയരുത്. നാട്ടറിവുകള്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പഴയകാല കര്‍ഷകര്‍ ആര്‍ജിച്ചെടുത്തവയും വരുംതലമുറകള്‍ക്കു പകര്‍ന്നുകൊടുത്തവയുമാണ്.

RELATED STORIES

Share it
Top