പത്തനാപുരം മാര്‍ക്കറ്റില്‍ മാലിന്യ കൂമ്പാരം; കച്ചവടക്കാര്‍ രോഗ ഭീതിയില്‍

പത്തനാപുരം: മലയോര മേഖലയിലെ പേര് കേട്ട പത്തനാപുരം മാര്‍ക്കറ്റില്‍ നിന്നും കച്ചവടക്കാര്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നു.കുന്നുകൂടിയ മാലിന്യവും  അതില്‍ നിന്നുള്ള അമിത ദുര്‍ഗന്ധം ശ്വസിച്ചും മിക്ക കച്ചവടക്കാരും രോഗികളായതിനെ തുടര്‍ന്നാണ് പലരും ചന്തവിട്ട് പോകുന്നത്.ഇത്തരത്തില്‍ പോകുന്നവരില്‍ അധികവും മല്‍സ്യകച്ചവടക്കാരാണ്.ഇവര്‍ പാതയോരങ്ങളെയാണ് കച്ചവടത്തിനായി ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.കച്ചവടക്കാര്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്ന സാഹചര്യം തുടര്‍ന്നാല്‍ ലേലം, വാടക ഇനങ്ങളില്‍ ലക്ഷക്കണക്കിന് രൂപയാണ് പത്തനാപുരം പഞ്ചായത്തിന് നഷ്ടം സംഭവിക്കാന്‍ പോകുന്നത്. കൊതുക് കടിയേറ്റ് തൊഴിലാളികളുടെ കാലുകളില്‍ വൃണങ്ങളും രൂപപ്പെട്ടു.പഞ്ചായത്തിന്റെ കണ്‍മുന്നില്‍ നൂറ്കണക്കിന് തൊഴിലാളികള്‍ പകര്‍ച്ച വ്യാധി ഭീഷണി നേരിടുമ്പോഴും അധികൃതര്‍ മൗനം തുടരുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കൂടാതെ മീന്‍ മാര്‍ക്കറ്റിലേക്ക് കയറുന്ന ഭാഗത്തെ സ്ലാബ് ഇളകിയതിനാല്‍ ദിവസേന ഓടയില്‍ വീഴുന്നതും നിരവധി പേരാണ്. ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയതിനാല്‍ എല്ലാ കച്ചവടക്കാരും മീന്‍ മാര്‍ക്കറ്റിന് സമീപമാണ് വില്‍പന നടത്തുന്നത്. ഇവിടെയാകട്ടെ മാലിന്യത്തിന്റെ കലവറയുമാണ്.മൂന്ന് മല്‍സ്യവില്‍പന തൊഴിലാളിള്‍ ഇതിനോടകം ഡെങ്കി പനി ബാധിച്ച് ചികില്‍സ തേടി. നിരവധി പേര്‍ക്ക് സാക്രമിക രോഗങ്ങളും പിടിപെട്ടിട്ടുണ്ട്. ഇനിയെങ്കിലും പഞ്ചായത്തിന്റെ കണ്ണ് തുറക്കണമേയെന്നാണ് കച്ചവടക്കാരുടെ പ്രാര്‍ഥന

RELATED STORIES

Share it
Top