പത്തനംതിട്ട 21ാം വാര്‍ഡ് ഇന്ന് ബൂത്തിലേക്ക്പത്തനംതിട്ട: ചൂടേറിയ രാഷ്ട്രീയവും അതിലും ഏറെ പ്രാദേശിക പ്രശ്‌നങ്ങളും ഇളക്കി മറിച്ച പ്രചാരണകോലാഹലങ്ങള്‍ക്കു വിരാമംകുറിച്ച് പത്തനംതിട്ട നഗരസഭയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 21ാം വാര്‍ഡ്(കുമ്പഴ വെസ്റ്റ്) വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. 1067 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. ഇതില്‍ 521 പുരുഷന്‍മാരും 546 സ്ത്രീകളും ഉള്‍പ്പെടും. ഇവര്‍ അഞ്ച് സ്ഥാനാര്‍ഥികളുടെ വിധിയെഴുതും. കുമ്പഴ തെക്ക് സെന്റ് മേരീസ് കത്തീഡ്രല്‍ പാരീഷ് ഹാളിലാണ് വോട്ടെടുപ്പ് കേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് സമയം. വാര്‍ഡിലെ എസ്ഡിപിഐയുടെ സജീവ സാന്നിധ്യം തന്നെയാണ് ഉപതിരഞ്ഞെടുപ്പിലും പൊതു തിരഞ്ഞെടുപ്പിനേക്കാള്‍ വാര്‍ഡിലെ മല്‍സരം വീറും വാശിയിലുമാക്കുന്നത്. ഈ വീറും വാശിയും പ്രചാരണത്തിന്റെ കലാശക്കൊട്ടിലും ദൃശ്യമായിരുന്നു. ആവേശം ആകാശം മുട്ടിയ ശക്തി പ്രകടനത്തോടെയാണ് പരസ്യ പ്രചാരണത്തിന് സമാപനമായത്. ഇന്നലെ നിശബ്്ദ പ്രവര്‍ത്തനമായിരുന്നു. നഗരസഭ കൗണ്‍സിലറായിരുന്ന കെ എച്ച്് ഹൈദരലിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. യുഡിഎഫിന് വേണ്ടി ആമിന ഹൈദരാലിയും എസ്ഡിപിഐയ്ക്ക് വേണ്ടി ഷംസുദ്ദീന്‍ എയും എല്‍ഡിഎഫിന് വേണ്ടി സുഹാസ് എം ഹനീഫും മല്‍സരിക്കുന്നു. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന വാര്‍ഡില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥി ഷംസുദ്ദീന്‍ എയുടെ സാന്നിധ്യമാണ് രാഷ്ട്രീയ ചര്‍ച്ചാ വിഷയം. എന്‍ഡിഎ സ്ഥാനാര്‍ഥിയായ റൂബി ജോണും പിഡിപി സ്ഥാനാര്‍ഥിയായി എം എസ് അബ്ദുല്‍ ജബാറും പത്രിക നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സംസ്ഥാന രാഷ്ട്രീയ സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങള്‍ യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. നഗരസഭയില്‍ അധികാരം പങ്കിടുന്ന കേരളാ കോണ്‍ഗ്രസ്(എം) 21ാം വാര്‍ഡില്‍ പ്രചാരണത്തിനുണ്ടായിരുന്നില്ല. ഇതിനോടൊപ്പം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം പ്രാദേശിക നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്താമെന്ന മോഹങ്ങള്‍ക്ക് തിരച്ചടിയാവുന്നു. എല്‍ഡിഎഫിലാവട്ടെ, സിപിഐക്ക് ഈ സീറ്റ് നല്‍കിയതില്‍ സിപിഎമ്മിനുള്ളില്‍ ശക്തമായ എതിര്‍പ്പകള്‍ക്കിടയാക്കിയിട്ടുണ്ട്. സിപിഐയിലെ ബെന്‍സി തോമസിന് ആകെ ലഭിച്ചത് 131 വോട്ടുകളാണ്.  വാര്‍ഡില്‍ കാര്യമായ ജനപിന്തുണ നേടുന്നതില്‍ സിപിഐയ്ക്ക്് കഴിയുന്നില്ലെന്നുള്ളതാണ് എല്‍ഡിഎഫിലെ മറ്റ് ഘടക കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്. മതന്യൂനപക്ഷ വോട്ടുകള്‍ ഫലം നിര്‍ണയിക്കുന്ന 21ാം വാര്‍ഡില്‍ ഇടതുവലതു മുന്നണികളുടെ അഴിമതിയും സ്വജനപക്ഷപാതവും ഉയര്‍ത്തിയാണ് എസ്ഡിപിഐ പ്രചാരണം നടത്തിയത്. അതിനാല്‍ തന്നെ വാര്‍ഡില്‍ ഏറെ സ്വാധീനമുള്ള എസ്ഡിപിഐക്ക് വിജയ പ്രതീക്ഷയാണുള്ളത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന്് വാര്‍ഡിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളിലാണ് വോട്ടെണ്ണല്‍.

RELATED STORIES

Share it
Top