പത്തനംതിട്ട നഗരോല്‍സവം നാളെമുതല്‍ ജില്ലാ സ്റ്റേഡിയത്തില്‍

പത്തനംതിട്ട: നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള നഗരോല്‍സവ, പുഷ്പമേള നാളെ മുതല്‍ 15വരെ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. മേളയുടെ ഉദ്ഘാടനവും വിളംബരജാഥയും ഇന്ന് പത്തനംതിട്ടയില്‍ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ നിന്നും വിളംബരജാഥ ആരംഭിക്കും.
കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെയുള്ള ജാഥ ടൗണ്‍ ചുറ്റി ജില്ലാ സ്‌റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. പുഷ്പമേള വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ പ്രദേശത്തുള്ള നിര്‍ധനരായ രോഗികളെ സഹായിക്കുന്നതിലേക്ക് സമാഹരിക്കുന്ന ദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണാര്‍ഥമാണ് നഗരോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള ആയിരകണക്കിനു പൂക്കളുടെ പ്രദര്‍ശനവും വിപണനവും മേളയെ വ്യത്യസ്തമാക്കും. അമ്പതോളം വ്യത്യസ്ത റോസാച്ചെടികള്‍ മേളയില്‍ മറ്റൊരു പ്രത്യേകതയാകും.
മേളയോടനുബന്ധിച്ച് ഇക്കുറി വാഴ മഹോല്‍സവം സംഘടിപ്പിച്ചിട്ടുണ്ട്. 52 ഇനം വാഴകളാണ് പ്രദര്‍ശന നഗറിലെത്തുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധയിനം വാഴകള്‍ മേളയില്‍ പരിചയപ്പെടാനാവും. വൈവിധ്യമാര്‍ന്ന വാഴ ഉല്‍പന്നങ്ങള്‍ക്കായി സ്റ്റാളുകള്‍ ഉണ്ടാകും. കേരളത്തില്‍ തന്നെ ഇത്തരത്തിലൊരു വാഴ മഹോല്‍സവം രണ്ടാമതാണ്. ശീതികരിച്ച നൂറിലധികം വിപണന സ്റ്റാളുകളാണ് മേളയില്‍ ഒരുക്കുന്നത്. കാര്‍ഷിക വിപണനമേള, ജൈവപച്ചക്കറി വിപണനം, ഔഷധസസ്യങ്ങളുടെ പ്രദര്‍ശനം, വിപണനം, തേന്‍ ഉല്‍പന്നങ്ങളുടെ വിപണനം, ഫുഡ്‌കോര്‍ട്ടുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ ഉണ്ടാകും. വിവിധ സെമിനാറുകള്‍, കലാസന്ധ്യകള്‍ എന്നിവയും മേളയുടെ പ്രത്യേകതയാകും.
ആറ് മുതല്‍ എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാസംഘങ്ങളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, കൗണ്‍സിലര്‍മാരായ റോഷന്‍ നായര്‍, സജിനി മോഹന്‍, ശോഭ കെ മാത്യു പങ്കെടുത്തു.

RELATED STORIES

Share it
Top