പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയം മാസ്റ്റര്‍ പ്ലാന്‍ 15ഓടെ തയ്യാറാവും

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്റെ മാസ്റ്റര്‍പ്ലാന്‍ അടുത്തമാസം പതിനഞ്ചോടെ തയ്യാറാവും. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയത്തിന്റെ പ്ലാന്‍ തയ്യാറാക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചതായി വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു.
സ്റ്റേഡിയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും നഗരസഭയും തമ്മില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും എംഎല്‍എ അറിയിച്ചു. സ്റ്റേഡിയ നിര്‍മ്മാണത്തിന് നഗരസഭയുടെ അനുമതി ലഭിക്കുന്നതിനായി യോഗം വിളിച്ച് ചേര്‍ത്തപ്പോഴും കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഉള്‍പ്പടെ സ്റ്റേഡിയം സന്ദര്‍ശിച്ചപ്പോഴും ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും ഉള്‍പ്പടെയുള്ളവരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലും ധാരണയുടെ അടിസ്ഥാനത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നത്.
സ്റ്റേഡിയത്തില്‍ എം.പിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കാനിരിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി 2.5 ഏക്കര്‍ ഒഴിപ്പിച്ചിട്ട ബാക്കി സ്ഥലത്ത് നിര്‍മ്മാണത്തിനായി പ്ലാന്‍ തയ്യാറാക്കാനാണ് നഗരസഭയും ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഫണ്ടുപയോഗിച്ചുള്ള പ്രോജക്ടും സംസ്ഥാനസര്‍ക്കാരിന്റെ പ്രോജക്ടും രണ്ടും രണ്ടായി തന്നെയാണ് ചെയ്യുന്നതെന്നും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് നഗരസഭ നിര്‍ദ്ദേശിച്ച അളവില്‍ 2.5 ഏക്കര്‍ ഒഴിപ്പിച്ചിട്ടിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി.

RELATED STORIES

Share it
Top