പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം ആഗസ്തില്‍ പൂര്‍ത്തിയാവും

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസിയുടെ വാണിജ്യ സമുച്ചയം ആഗസ്തില്‍ പൂര്‍ത്തിയാക്കുന്നതിന് മന്ത്രിതല യോഗത്തില്‍ തീരുമാനം. രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും എന്ന് ഉറപ്പ് നല്‍കിയ പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ പണി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാവാത്ത സാഹചര്യത്തിലായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
യോഗത്തില്‍ തുടര്‍ന്നുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് സമയ ക്രമം നിശ്ചയിച്ചു. സിവില്‍ ജോലികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാകും. കരാറുകാരന്‍ തന്നെ പ്ലംബിങ് ജോലികളും നടത്തും. 65 ലക്ഷം രൂപയാണ് വൈദ്യുതീകരണത്തിന് വേണ്ടത്. ഇതിനുള്ള പ്രവര്‍ത്തികള്‍ ഇപ്പോള്‍ തുടങ്ങും.
രാത്രി യാത്രികരായ സ്ത്രീകള്‍ക്ക് വിശ്രമിക്കാന്‍ കുടുംബശ്രീയുമായി സഹകരിച്ച് ശീതികരിച്ച വിശ്രമമുറി തുറക്കും. കെഎസ്ആര്‍ടിസിയില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു സംവിധാനം യാത്രക്കാര്‍ക്കായി തുറക്കുന്നത്. ഇതിന് ആവശ്യമാണ പണം വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കണ്ടെത്തും.  എംഎല്‍എയുടെ നിര്‍ദ്ദേശത്തെ മന്ത്രി സ്വാഗതം ചെയ്തു.
ഡിപ്പോയിലെ പമ്പും ഉടന്‍ പുനസ്ഥാപിക്കും. എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിപ്പോയില്‍ നിന്ന് സ്ഥലം മാറ്റിയ അഞ്ച് െ്രെഡവര്‍മാരില്‍ നാല് പേര്‍ ഇന്ന് മടങ്ങി എത്തും.10 പേരെയെങ്കിലും ഉടന്‍ വേണമെന്ന് എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടു. 9.20 കോടി രൂപ ചെലവഴിച്ചാണ് പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി മുന്നു നിലയിലായി വാണിജ്യ സമുച്ചയം നിര്‍മ്മിക്കുന്നത്. ടെര്‍മിനലിന്റെ താഴത്തെ നില മാത്രം ലേലം ചെയ്ത് 6.3 കോടി രൂപ പലിശ രഹിത വരുമാനമായി കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചിരുന്നു.
ശബരിമല തീര്‍ഥാടകര്‍ മണ്ഡലകാലത്ത് യാത്രയ്ക്കായി ആശ്രയിക്കുന്നത് പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയെയാണ്. ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം ലഭ്യമാകത്തക്ക രീതിയിലാണ് ടെര്‍മിനലില്‍ പണി ആരംഭിച്ചത്.

RELATED STORIES

Share it
Top