പതിവു തെറ്റിയില്ല; ട്രോഫികള്‍ ഇക്കുറിയും മറ്റത്ത് നിന്ന് തന്നെ

കുന്നംകുളം: പതിവു തെറ്റാതെ കലോല്‍സവ വിജയികള്‍ക്കുള്ള ട്രോഫികള്‍ ഇക്കുറിയും മറ്റത്ത് നിന്ന്. മറ്റം ട്രീച്ചൂര്‍ ട്രോഫീസില്‍ നിന്നാണ് കലോല്‍സവത്തിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ ഇക്കുറിയും തയ്യാറാകുന്നത്. കലാമല്‍സരങ്ങളില്‍ എ ഗ്രേഡ് നേടുന്ന 11,000ലേറെ വരുന്ന പ്രതിഭകള്‍ക്ക് നല്‍കുന്ന ട്രോഫികള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സത്രീകള്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പതോളം വരുന്ന ജീവനക്കാരാണ് ട്രോഫികളുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടക്കുന്ന കലോത്സവത്തില്‍, ട്രോഫികള്‍ നിര്‍മ്മിക്കുന്നത് മരത്തിലാണ്.ഇരുപത് വര്‍ഷമായി ട്രോഫി നിര്‍മ്മാണ രംഗത്ത് ഉള്ള ട്രിച്ചൂര്‍ ട്രോഫിസാണ് കഴിഞ്ഞ ഏഴു വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനുള്ള ട്രോഫികള്‍ നിര്‍മ്മിക്കുന്നത്. റിട്ടയേര്‍ഡ് അധ്യാപക നായ കെ ഒ ജെയിംസാണ് ട്രോഫി നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉടമ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മറ്റത്തെ ഈ സ്ഥാപനത്തില്‍ നിന്നാണ് ട്രോഫികള്‍ കൊണ്ടു പോകുന്നത്. സംസ്ഥാന ശാസ്ത്രമേള ദേശീയ ഗെയിംസ്, സാക്ഷരത മിഷന്‍ സംസ്ഥാന കലോത്സവം തുടങ്ങി പ്രധാന ഇവന്റുകള്‍ക്ക് ട്രോഫികള്‍ കൊണ്ടു പോകുന്നത് ട്രിച്ചൂര്‍ ട്രോഫിസില്‍ നിന്നാണ്. തൊഴിലാളികളും സ്ഥാപന ഉടമകളും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നതാണ് സ്ഥാപനത്തിന്റെ വിജയത്തിന് കാരണമെന്നാണ് ഉടമയായ ജെയിംസ് മാഷിന്റെ പക്ഷം. ഇഷ്ടപ്പെട്ട ട്രോഫി തിരഞ്ഞെടുപ്പക്കാന്‍ ഇവിടെയെത്തുന്ന ആരും ഒന്ന് കുഴങ്ങും. അത്രയേറെ വ്യത്യസ്തയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.ഈ കാലമേളയ്ക്ക് കൊടിയിറങ്ങി വിവിധ ജില്ലകളിലേക്ക് മടങ്ങുന്ന വിജയികളായ വിദ്യാര്‍ത്ഥികളുടെ കൈയില്‍ മറ്റം എന്ന ഗ്രാമത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ ട്രോഫികളും ഉണ്ടായിരിക്കും.

RELATED STORIES

Share it
Top