പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചൊവ്വാണ വിസിബി പൊളിക്കല്‍ ആരംഭിച്ചു

മങ്കട: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചൊവ്വാണയിലെ പഴയ വിസിബി പൊളിക്കല്‍ ആരംഭിച്ചു. ടി എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ ഇടപെടലിലൂടെ ചെറുപുഴ സംരക്ഷണത്തിന്റെ ഭാഗമായി 3,08,25,000 രൂപയുടെ അടങ്കല്‍ എസ്റ്റിമേറ്റുള്ള ചൊവ്വാണ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണത്തിനുവേണ്ടിയാണ് വിസിബി പൊളിക്കുന്നത്.
1961 - 63 കാലത്ത് ജലസേചന വകുപ്പ് നിര്‍മിച്ചതാണ് വിസിബി. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പ്രയത്‌നിച്ച പ്രദേശവാസിയും ഗ്രാമ വികസന വകുപ്പില്‍ നിന്നു റിട്ടയര്‍ ചെയ്ത പുഴക്കാട്ടിരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് അല്ലൂര്‍ അസൈനാരുടെ നേതൃത്വത്തില്‍ ബ്ലോക്കംഗം ശശി മേനോന്‍, കെ കെ കുഞ്ഞിമുഹമ്മദ്, സി എം അബു, പി ആസിഫ്, കെ ഇസ്മായില്‍, എ കെ അസയ്‌നാര്‍, സി എം ഫിറോസ് തുടങ്ങിയവര്‍ പഴയ പാലം പൊളിക്കുന്നതിന് നേതൃത്വം നല്‍കി. ചെറുപുഴയുടെ സംരക്ഷണത്തിന് ചൊവ്വാണ വിസിബിയും അഞ്ച് ചെക്ക് ഡാമുകളുടെ നിര്‍മാണത്തിനുള്ള 10 കോടിയുടെ പ്രവൃത്തിയുടെ ഭാഗമായാണ് പാലം പൊളിക്കുന്നത്. കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നിര്‍വഹണ ഏജന്‍സിയായി നബാര്‍ഡ് ആര്‍ഐഡിഎഫ് 12 സ്‌കീം പ്രകാരം 2015ല്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍, ചെറുപുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചെറുപുഴയ്ക്ക്, കുറുവ - പുഴക്കാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. പുഴയുടെ ഇരുവശത്തും റോഡുകളുള്ളതിനാല്‍ റോഡ് ഗതാഗതത്തോടൊപ്പം പുഴക്കാട്ടിരി പഞ്ചായത്തിലെ ഇരുന്നൂറിലധികം ഹെക്ടര്‍ പാടത്തെ നെല്‍കൃഷിക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ മക്കരപ്പറമ്പ് നാറാണത്തിന് സമീപവും വെങ്കിട്ട പാടത്തിന് സമീപവും കടുങ്ങൂത്തും പുതുച്ചിറയിലും ചേക്കത്ത് കടവിന് സമീപവും 1,13,89,429 രൂപ അടങ്കല്‍ തുക വീതമുള്ള അഞ്ച് ചെക്ക് ഡാമുകള്‍ നിര്‍മിക്കും.
മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, കുറുവ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തുകളിലൂടെയാണ് ചെറുപുഴ ഒഴുകുന്നത്. ഇതിനാല്‍ ഈ അഞ്ച് പഞ്ചായത്തുകളിലെയും കാര്‍ഷികാവശ്യത്തിനും വരള്‍ച്ച തടയുന്നതിനും പദ്ധതി നേട്ടമാവും.

RELATED STORIES

Share it
Top