പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 10 വര്‍ഷം തടവും പിഴയും

തൃശൂര്‍: പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 10 വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. വരവൂര്‍ വില്ലേജ് നായാടിക്കുന്നത്ത് വീട്ടില്‍ രമേശനെ(27)യാണ് തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ വിക്റ്റിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് 4 ലക്ഷത്തി 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് പോക്‌സോ കോടതി ജഡ്ജി മുഹമ്മദ് വസീം ഉത്തരവായി. വരവൂര്‍ മായാടിക്കുന്നത്ത് വീട്ടില്‍ രമേശനെയാണ് കോടതി ശിക്ഷിച്ചത്. ഓര്‍ഫനേജില്‍ താമസിച്ച് പഠിച്ചിരുന്ന കുട്ടിയെ അവധിക്കുവരുന്ന അവസരങ്ങളില്‍ രണ്ടാനച്ഛന്‍ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തതായാണ് കേസ്.
ഇരയായ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയേയും പ്രതി സമാനമായി പീഡിപ്പിച്ച കേസും കോടതിയില്‍ നിലവിലുണ്ട്.
വടക്കാഞ്ചേരി എസ്‌ഐമാരായിരുന്ന വിപിന്‍ദാസ്, എം കെ സുരേഷ് കുമാര്‍ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.
കുട്ടിയുടെ അമ്മയെ പ്രേരണാ കുറ്റത്തിന് പ്രതിയാക്കിയിരുന്നുവെങ്കിലും അമ്മയ്‌ക്കെതിരെ മകള്‍ തെളിവ് നല്‍കാതിരുന്നതിനാല്‍ കോടതി വെറുതെ വിട്ടു. 16 വയസുള്ള ഇരയുടെ സഹോദരിയെയും ബലാല്‍സംഗം ചെയ്തുവെന്നരോപിച്ച് ചെറുതുരുത്തി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നടക്കുകയാണ്. ഇതിന്റെ വിധി പിന്നീടുണ്ടാകും.

RELATED STORIES

Share it
Top