പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍കാക്കനാട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. സംഭവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി ലുലുമാളിന് സമീപം ഓട്ടോ ഒടിക്കുന്ന കളമശ്ശേരി ശാന്തിനഗറില്‍ മൈനാട്ട് വീട്ടില്‍ ജിബിന്‍ ബേബി(28)യെ കളമശ്ശേരി സിഐ എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകള്‍ക്കം പിടികൂടി.    തിങ്കളാഴ്ച ഉച്ചയോടെ തൃക്കാക്കരയിലാണ് സംഭവം. വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. മാതാവിനൊപ്പം ഇളയ കുട്ടിയെ ആശുപത്രിയിലാക്കി തിരിച്ചെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍, വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ വീടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇടപ്പള്ളി മരോട്ടിച്ചോട് ഭാഗത്ത് നിന്നാണ് ഇളയ കുട്ടിയെ ആശുപത്രിയില്‍ കൊണ്ട് പോവാന്‍ മാതാവ് വീട്ടിലേക്ക് ഓട്ടോറിക്ഷ വിളിച്ചത്. മുത്ത പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ യുവാവ് പണം ആവശ്യപ്പെട്ടാണ് തിരികെ വീട്ടിലെത്തിയത്.    ഈ സമയം മാതാവും ഇളയ കുട്ടിയും ആശുപത്രിയിലായിരുന്നു. ആശുപത്രിയിലുള്ള മാതാവ് പണം ആവശ്യപ്പെട്ടെന്നും ഉടന്‍ എത്തിക്കണമെന്നും വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഇതനുസരിച്ച് മുറിയില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന പണം എടുക്കാന്‍ അകത്തേക്ക് പോയ പെണ്‍കുട്ടിയുടെ പിന്നാലെയെത്തി കടന്നു പിടിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് പെണ്‍കുട്ടി പുറത്തേക്ക് ഓടിയ തക്കം നോക്കി യുവാവ് രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ മാതാപിതാക്കള്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി പോലിസ് ആലുവ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ബാലപീഡന നിരോധന നിയമ (പോക്‌സോ)പ്രകാരം പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് കളമശ്ശേരി സിഐ എസ് ജയകൃഷ്ണന്‍ അറിയിച്ചു. പ്രതിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top