പതിനാറുകാരിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കുമളി: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തേനി ജില്ലയിലെ കമ്പം സ്വദേശി മുരുകേശന്‍ (27) ആണ് പിടിയിലായത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയ മാതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുമളി പോലീസിന്റെ പിടിയിലാകുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കമ്പത്തുള്ള ബന്ധുവീട്ടില്‍ നിന്നും കാണാതാകുന്നത്.  തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടു കിട്ടുന്നത്.
തോട്ടം തൊഴിലാളി കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ജനുവരി മുതലാണ് കുമളിയില്‍ നിന്നും കമ്പത്തെത്തി ബന്ധുവീട്ടില്‍ താമസമാക്കുന്നത്. ഇതിനിടയില്‍ ബന്ധുവിന്റെ അയല്‍വാസിയായ മുരുകേശനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായതായി പോലീസ് പറയുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പല തവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടിയുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു.
മാതാവിന്റെ പരാതിയെ തുടര്‍ന്ന് കുമളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.കെ ജയപ്രകാശ്, എസ്.ഐ പ്രശാന്ത് പി നായര്‍ എന്നിവര്‍ ചേര്‍ന്ന് കമ്പത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top