പതിനാറടി പൊക്കത്തില്‍ പിയാത്ത: ശില്‍പി ബിജോയ് ശ്രദ്ധേയനാവുന്നു

രാമങ്കരി: മൈക്കലാഞ്ചലോയുടെ വിഖ്യാത സൃഷ്ടി പിയാത്ത ശില്‍പ്പം പതിനാറടിപൊക്കത്തില്‍ കോണ്‍ക്രീറ്റില്‍  പുനരാവിഷ്‌ക്കരിച്ച് ശില്‍പകലയില്‍ സ്വന്തം ഇടം തീര്‍ക്കുകയാണ് വേഴപ്ര പുത്തന്‍കളത്തില്‍ ബിജോയി.
കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയുടെ ഭരണസിരാകേന്ദ്രമായ കലക്‌ട്രേറ്റ് റോഡില്‍ ലിയോതേര്‍ട്ടീന്‍ത് ഹൈസ്‌ക്കൂളിനോട് ചേര്‍ന്നുള്ള മൗണ്ട്കാര്‍മ്മല്‍ പള്ളിയങ്കണത്തിലാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഈ പുതു ശില്‍പ്പം. സിമന്റും മണ്ണും കമ്പിയും ചേര്‍ന്ന മിശ്രിത കോണ്‍ക്രീറ്റ് ആണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പതിനാറ് അടിയിലേറെ ഉയരത്തില്‍ ഈ ശില്‍പ്പം തീര്‍ക്കാന്‍  ബിജോയിയും സുഹൃത്ത് കാവാലം സജീവും എടുത്തത് വെറും രണ്ടര മാസം മാത്രം. സോഷ്യല്‍ മീഡിയാ വഴി ബിജോയിയുടെ കഴിവ് തിരിച്ചറിഞ്ഞ മൗണ്ട് കാര്‍മല്‍ കത്തിഡ്രലിലെ ഇടവക നേതൃത്വം ഈ ദൗത്യം ബിജോയിയെ ഏല്‍പ്പിക്കുകയായിരുന്നു. ഏറ്റെടുത്ത അന്ന് മുതല്‍ ഉറക്കമിളച്ചും തന്റെ ദൗത്യം ഭംഗിയാക്കാനുള്ള തിരക്കിലായിരുന്നു ബിജോയി.
പണി പൂര്‍ത്തിയായി പെയിന്റിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായതോടെ  വരുന്ന പതിനാറിന് കൂദാശാ കര്‍മ്മം നിര്‍വഹിക്കാനുള്ള തിരക്കിലാണ് ഇടവക നേതൃത്വം. അതിനുള്ള തയ്യാറെടുപ്പുകളും  ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലയുടെ ഭരണ സിരാകേന്ദ്രത്തിന് സമീപം തലയുയര്‍ത്തി നില്‍ക്കുന്ന ശില്‍പ്പം നഗരത്തിലെ തന്നെ  വിസ്മയ കാഴ്ചകളിലൊന്നായി മാറിയതോടെ നൂറ് കണക്കിന് സന്ദര്‍ശകരാണ്  മൗണ്ട്കാര്‍മല്‍ പള്ളിയിലേക്ക് ദിവസവും ഒഴുകി എത്തുന്നത് ഇവരില്‍ വിദേശത്തു നിന്നുമെത്തുന്ന ടൂറിസ്റ്റുകള്‍ വരെ ഉണ്ട്. നാടിന് അകത്തും പുറത്തും മാതാവിന്റെയും ക്രിസ്തുവിന്റെയും ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു ബിജോയിയുടെ ഈ രംഗത്തെ തുടക്കം.
എണ്ണച്ഛായാ ചിത്രങ്ങള്‍,  അര്‍ധകായ പ്രതിമകള്‍,  പാര്‍ക്ക് ശില്‍പ്പങ്ങള്‍ തുടങ്ങി എന്തും  ബിജോയിയുടെ വിരല്‍തുമ്പുകള്‍ ചാരുത പകരും. തിരുവന്തപുരം വെഞ്ഞാറംമൂട് എം ജി റോഡരുകില്‍ കോണ്ടൂര്‍ റോക്ക് റിസോര്‍ട്ടിനായ് തീര്‍ത്ത കാളകൂറ്റന്റെ ശില്‍പ്പവും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചതാണ്. കേരളത്തിലെ അറിയപ്പെടുന്ന റിസോര്‍ട്ടുകളിലൊക്കെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കത്തക്ക രീതിയില്‍ നാടകലകളുടെ വേറെയും  ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ  കേരളത്തിന് അകത്തും പുറത്തുമായി വ്യത്യസ്തമായ നാല്‍പ്പത്തിരണ്ടില്‍ പരം ഗ്രോട്ടോകള്‍.
കന്യാകുമാരി തൂത്തൂര്‍ സെന്റ് മേരീസ് പള്ളിയുടെ അള്‍ത്താരയുടെ മുന്നിലായി 20 അടി പൊക്കത്തിലും 80 അടി വീതിയിലും ക്രിസ്തുവിന്റെ അവസാന അത്താഴച്ചടങ്ങ് ചിത്രികരിക്കുന്ന ശില്‍പ്പം നിര്‍മ്മിച്ചതും കുട്ടനാട്ടുകാരന്‍ കൂടിയായ ഈ കലാകാരനാണ് ഇതിനൊക്കെ പുറമെ ബംഗളൂരു നാഷണല്‍ പാര്‍ക്ക,് കബന്‍പാര്‍ക്ക്  ഡല്‍ഹി, ആഗ്ര, ഇറ്റാവ സ്‌ക്കൂള്‍ എന്നിവിടങ്ങളിലും ബിജോയിയുടെ ശില്‍പ്പ വൈഭവം വിളിച്ചോതുന്ന പ്രതിമകള്‍ കാണാം.  ആലപ്പുഴ എസ് എസ് സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന്  ഡ്രോയിംഗ് ആന്റ് പെയിന്റിംഗില്‍ സെക്കന്റ് റാങ്കോടെ ഡിപ്ലോമയും കരസ്ഥമാക്കി.

RELATED STORIES

Share it
Top