പതാക കാണാതായതിനെ ചൊല്ലി ഡിവൈഎഫ്‌ഐ-ബിജെപി സംഘര്‍ഷം

കുമ്പള: പതാക കാണാതായതിനെ ചൊല്ലി ആരിക്കാടി കുന്നില്‍ ഡിവൈഎഫ്‌ഐ-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഡിവൈഎഫ്‌ഐ ആരിക്കാടി കുന്നില്‍ യൂനിറ്റ് പ്രസിഡന്റ്് സമീറി(25)നെ കുമ്പള സഹകരണ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരായ ചേതന്‍ (22), സുനില്‍ കുമാര്‍ (20), പ്രദീപ് (23), മോഹന്‍ (21) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിലും പ്രവേശിപ്പിച്ചു.
കുമ്പളയില്‍ നടക്കുന്ന ബിഎംഎസ് ജില്ല സമ്മേളനത്തിന്റെ ഭാഗമായി ആരിക്കാടി കുന്നിലിലെ റോഡരികില്‍ കെട്ടിയിരുന്ന കൊടി തോരണങ്ങള്‍ കഴിഞ്ഞ ദിവസം രാവിലെ കാണാതായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ആരിക്കാടി കുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ ഡിവൈഎഫ്‌ഐ ഓഫിസിലേക്ക് കല്ലേറ് നടത്തിയതിനെ ചോദ്യം ചെയ്തതിന് ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ബിഎംഎസ് പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടി കെട്ടുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു.
അതിനിടെ കുമ്പള ബംബ്രാണയില്‍ ഒരു കൂട്ടം ആളുകള്‍ പോലിസ് ജീപ്പ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ഒഴിവാക്കാന്‍ കുമ്പള പോലിസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.ഇതിനിടയിലുണ്ടായ കല്ലേറില്‍ എസ്‌ഐക്കും പോലിസുകാരനും പരിക്കേറ്റു. കുമ്പള എസ്‌ഐ ജയശങ്കര്‍, സിവില്‍ പോലിസ് ഓഫിസര്‍ വിപിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്തോടെ ബംബ്രാണ ജങ്ഷനിലാണ് സംഭവം. ആരിക്കാടി കുന്നില്‍ ബിജെപി-ഡിവൈഎഫ്‌ഐ സംഘട്ടനത്തിന് ശേഷം വഴിയാത്രക്കാരെയും കൂട്ടം കൂടി നിന്നവരെയും പോലിസ് ഓടിച്ചിരുന്നു.
ബംബ്രാണയില്‍ വീട്ടിലേക്ക് നടന്നു പോകുന്ന ഏതാനും പേരെ യാതൊരു കാരണവുമില്ലാതെ അടിച്ചോടിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടം ആള്‍ക്കാര്‍ ഇതിനെ ചോദ്യം ചെയ്യുകയും ജീപ്പ് തടയുകയുമായിരുന്നു. പോലിസ് ജീപ്പ് തടഞ്ഞവരെ ലാത്തി ചാര്‍ജ്ജ് ചെയ്ത് ഓടിക്കുന്നതിനിടയില്‍ പോലിസിന് നേരെ കല്ലേറുണ്ടായി. ഒടുവില്‍ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പോലിസ് കണ്ണില്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

RELATED STORIES

Share it
Top