പണി പൂര്‍ത്തിയാവാന്‍ അഞ്ചുവര്‍ഷം; റോഡ് തകര്‍ന്നത് രണ്ടുമാസത്തിനകം

വെള്ളമുണ്ട: അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ റോഡ് രണ്ടുമാസത്തിനകം തകര്‍ന്നു. വെള്ളമുണ്ട പഞ്ചയാത്തിലെ ഏറ്റവും പഴക്കമേറിയതും നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്നതുമായ തരുവണ-നടക്കല്‍-ഉപ്പുന്നട-കോക്കടവ് റോഡാണ് നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനു മുമ്പേ തകര്‍ന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഗതാഗതയോഗ്യമല്ലാതായ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമെന്ന നിലയാലായിരുന്നു 2012ല്‍ പിഎംജിവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.73 കോടി രൂപ വകയിരുത്തിയത്. നടക്കലില്‍ നിന്നാരംഭിച്ച് ഉപ്പുനട വഴി കോക്കടവിലെത്തിച്ചേരുന്ന 3.17 കിലോമീറ്റര്‍ ദൂരം നവീകരിക്കാനായിരുന്നു എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
എന്നാല്‍, ഈ തുകയ്ക്ക് പ്രവൃത്തി പൂര്‍ത്തിയാവില്ലെന്നു കണ്ടതിനാല്‍ കരാറേറ്റെടുക്കാന്‍ ആളുണ്ടായില്ല. തുടര്‍ന്ന് 2013ല്‍ 2.45 രൂപയാക്കി പുതുക്കി രണ്ടുവര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കരാര്‍ നല്‍കുകയായിരുന്നു. എന്നാല്‍, പ്രദേശവാസിയായ കരാറുകാരന്‍ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോയി. എട്ടുമീറ്റര്‍ വീതിയായിരുന്നു റോഡിന് നിശ്ചയിച്ചതെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പലയിടങ്ങളിലും വീതി കുറച്ചാണ് പ്രവൃത്തി നടത്തിയത്. കഴിഞ്ഞ മാസം പൂര്‍ത്തിയായ റോഡിന്റെ പലഭാഗങ്ങളിലും നേരത്തെ തന്നെ കുഴികള്‍ രൂപപ്പെട്ടിരുന്നു.
ഇപ്പോള്‍ ചങ്ങാടത്തേക്കുള്ള കയറ്റത്തില്‍ ടാറിങ് പൂര്‍ണമായി പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. അഞ്ചുവര്‍ഷം ഗ്യാരണ്ടിയോടെ പൂര്‍ത്തിയാക്കിയ പ്രവൃത്തിയാണ് രണ്ടുമാസം കൊണ്ടുതന്നെ തകര്‍ന്നത്.

RELATED STORIES

Share it
Top