പണിമുടക്ക് ദിനത്തിലെ പിഎസ്‌സി പരീക്ഷവലഞ്ഞ് ഉദ്യോഗാര്‍ഥികളും ഒപ്പമെത്തിയവരും

കൊച്ചി: പണിമുടക്ക് ദിനത്തി ല്‍ നടന്ന പിഎസ്ഇ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ഥികളും ഒപ്പം വന്നവരും വലഞ്ഞു. ഫുള്‍ടൈം ജൂനിയര്‍ ഹിന്ദി ലാംഗേജ് പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാര്‍ഥികളാണ് ദുരിതത്തിലായത്. പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്‌കൂളായിരുന്നു പരീക്ഷാ കേന്ദ്രം.
സ്വന്തം വാഹനത്തിലും ടാക്‌സി പിടിച്ചും പരീക്ഷയ്ക്ക് നഗരത്തിലെത്തിയവര്‍ കുടിവെള്ളം പോലും ലഭിക്കാതെ നട്ടം തിരിഞ്ഞു. പിഎസ്‌സി പരീക്ഷാ കേന്ദ്രത്തിന് മുമ്പില്‍ ഉദ്യോഗാര്‍ഥികളുടെ കൂടെ വന്നവരും പരീക്ഷാ നടത്തിപ്പുകാരും തമ്മില്‍ വാക്തര്‍ക്കവുമുണ്ടായി. പിഎസ്‌സി പരീക്ഷ തുടങ്ങുന്നതിനു മുമ്പ് ഉദ്യോഗാര്‍ഥികളെ ഒഴികെയുള്ളവരെ പരീക്ഷാ സെന്ററിന് പുറത്താക്കി ഗേറ്റ് പൂട്ടുന്നതാണ് പതിവ്. ബന്ധുക്കളെ ഇത്തരത്തില്‍ കെട്ടിടത്തിനു പുറത്തിറക്കിയതോടെയാണ് ഇവരും പരീക്ഷാ നടത്തിപ്പുക്കാരും തമ്മില്‍ വാക്തര്‍ക്കമുണ്ടായത്. കൂടെവന്നവര്‍ക്ക് കെട്ടിടത്തിനകത്ത് ഒരു മുറി വിശ്രമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൂടെവന്നവര്‍ ബഹളമുണ്ടാക്കിയത്. ഇത് പരീക്ഷാ നടത്തിപ്പുകാര്‍ എതിര്‍ത്തതോടെയാണ് തര്‍ക്കം രൂക്ഷമായത്.
ഇതോടെ പരീക്ഷാ നടത്തിപ്പുകാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. രാവിലെ 10.30 മുതല്‍ 12.15വരെയായിരുന്നു പരീക്ഷ. ഇത്രയും സമയം ഗേറ്റിന് പുറത്ത് വെയിലും കൊണ്ട് നിന്നവര്‍ ഏറെ ബുദ്ധിമുട്ടി. കൈക്കുഞ്ഞിനെയടക്കം പൊരിവെയിലത്ത് നിര്‍ത്തേണ്ടിവന്നതില്‍ ഉദ്യോഗാര്‍ഥികളുടെ കൂടെ വന്നവര്‍ കടുത്ത പ്രതിഷേധം അറിയിച്ചു. പണിമുടക്ക് ദിനത്തില്‍ പരീക്ഷ നടത്തുന്നതിനെതിരേയും പ്രതിഷേധമുണ്ടായിരുന്നു.
പണിമുടക്ക്ദിനമായിട്ടും വളരെ ബുദ്ധിമുട്ടിയാണു പരീക്ഷാകേന്ദ്രത്തിലെത്തിയതെന്നും കടകള്‍ തുറക്കാത്തതിനാല്‍ വെള്ളമോ ഭക്ഷണമോ കിട്ടുന്നില്ലെന്നും ഇത്തരം സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികളുടെ കൂടെ വന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പുറത്താക്കിയ നടപടി ശരിയായില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

RELATED STORIES

Share it
Top