പണിപൂര്‍ത്തിയാക്കാത്ത കരാറുകാരന് തുക അനുവദിക്കാന്‍ വിവാദ തീരുമാനം

കോഴിക്കോട്: മൂന്നുവര്‍ഷമായി അറ്റകുറ്റപണി പൂര്‍ത്തിയാകാതെ കിടക്കുന്ന കോര്‍പറേഷന്‍ സ്റ്റേഡിയം നാഷണല്‍ ഗെയിംസ് അതോറിറ്റിയില്‍ നിന്ന് തിരിച്ചു വാങ്ങുന്നതിന്റെ മുന്നോടിയായി കരാറുകാരന് 1,85,24,339 രൂപ നല്‍കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് കാരണമായി. നാഷണല്‍ ഗെയിംസ് നടന്നപ്പോള്‍ നാഷണല്‍ ഗെയിംസ് അതോറിറ്റി മുഖേനയാണ് പുനരുദ്ധാരണ പ്രവൃത്തി നടന്നത്. ചെലവിന്റെ 55 ശതമാനം നാഷണല്‍ ഗെയിംസ് അതോറിറ്റിയും 45 ശതമാനം കോര്‍പറേഷനും നല്‍കണമെന്നായിരുന്നു ധാരണ. പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കോര്‍പറേഷന്‍ വിഹിതത്തിന്റെ 75 ശതമാനം നല്‍കാനുള്ള ഫിനാന്‍സ് കമ്മിറ്റിയുടെ തീരുമാനം പ്രതിപക്ഷം ചോദ്യം ചെയ്തു.  സ്റ്റേഡിയത്തില്‍ ധാരാളം ജോലികള്‍ ബാക്കിയുണ്ടെന്നും കെട്ടിടത്തിന് ചോര്‍്ച്ചയുണ്ടെന്നും യുഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈയവസ്ഥയില്‍ തുക അനുവദിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് സി അബ്ദുറഹിമാന്‍ പറഞ്ഞു. ഫിനാന്‍സ് കമ്മിറ്റി തുക കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കൗണ്‍സിലിന് തിരുത്താവുന്നതാണെന്ന് അബ്ദുറഹിമാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് പണം നല്‍കാന്‍ തീരുമാനിച്ചതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. പണം നല്‍കാതെ നിര്‍വാഹമില്ല എന്നായിരുന്നു മേയറുടെ വിശദീകരണം. ഏതായാലും വിശദമായ പഠനം നടത്താതെ പണം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ വ്യക്തമാക്കി. പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ നിലനില്‍ക്കുന്നതായി ചീഫ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ 40 ലക്ഷം രൂപയോളം കോര്‍പറേഷന്‍ പിടിച്ചുവെക്കുന്നതിനാല്‍ മൊത്തം തുകയുടെ 75 ശതമാനം വിട്ടുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന് ഭരണപക്ഷം വാദിച്ചു. തുക നേരത്തെ അനുവദിക്കേണ്ടതായിരുന്നുവെന്നും പിടിച്ചുവെക്കുന്ന തുക കൊണ്ട് അപര്യാപ്തതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതാണെന്ന് മേയര്‍ പറഞ്ഞു. 2015ല്‍ ഏല്‍പിച്ച ജോലി 2018ലും തീര്‍ക്കാതെ മുടന്തി നീങ്ങുന്ന അവസ്ഥയില്‍ തുക അനുവദിക്കുന്നതിന്റെ യുക്തി യുഡിഎഫ് ചോദ്യം ചെയ്തു. യുഡിഎഫ്  അംഗങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തി അജണ്ട പാസാക്കുകയായിരുന്നു. നഗരത്തില്‍ ബസുകളുടെ മല്‍സരയോട്ടം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സുഷാജ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പകല്‍സമയത്ത്—പോലും ലൈറ്റിട്ട് എയര്‍ ഹോണ്‍ മുഴക്കിയാണ് ബസുകള്‍ ഓടുന്നത്. ചെറിയ വാഹനങ്ങളെ തീരെ ഗൗനിക്കാതെയാണ് ബസുകളുടെ പരക്കം പാച്ചില്‍. പൊലീസും മോട്ടോര്‍ വാഹനവകുപ്പും ഇക്കാര്യം ശ്രദ്ധിക്കണം. പ്രമേയത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആര്‍ടിഒ, ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗം വിളിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. പുതിയങ്ങാടി ഭാഗത്ത് കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്ന് എം ശ്രീജ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജപ്പാന്‍ പദ്ധതിയുടെ ഭാഗമായി കോട്ടാങ്കുനി ഭാഗത്ത് സബ് ലൈന്‍ നല്‍കണമെന്ന് എം കുഞ്ഞാമുട്ടി(ലീഗ്) ആവശ്യപ്പെട്ടു. കെ കെ റഫീഖ്, ശാലിനി,എന്‍ കെ പത്മനാഭന്‍ തുടങ്ങിയവരും കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി അധികൃതരുടെ യോഗം വിളിക്കുമെന്ന് മേയര്‍ അറിയിച്ചു.

RELATED STORIES

Share it
Top