പണവുമായി പോയയാളെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേര്‍ പിടിയില്‍

മട്ടന്നൂര്‍: പണവുമായി പോവുകയായിരുന്നയാളെ കാറില്‍ തട്ടിക്കൊണ്ടു പോകവെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി. വടകര സ്വദേശി ടി വി ഹുസയ്‌നെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ചാവശ്ശേരി പഴയ പോസ്‌റ്റോഫിസ് പരിസരത്താണ് സംഭവം. റോഡിലൂടെ പോകുന്നതിനടെ ഇരിട്ടി ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തി. കാറിലുണ്ടായിരുന്നവര്‍ ഹുസയ്‌നെ പിടിച്ചുകയറ്റി മട്ടന്നൂര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്നു.
പത്തൊമ്പതാം മൈല്‍, ചാവശേരിപ്പറമ്പ് വഴി പോയ കാര്‍ എതിരേവന്ന ബൈക്കിലും കാറിലും ഇടിച്ചശേഷം പറയനാട് ആട്ട്യാലം റോഡരികിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ചാലക്കുടി സ്വദേശി സതീശന്‍ (39) കോളയാട് മേനച്ചോടി സ്വദേശി വിശ്വന്‍ (38) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് കത്തിയും മൂന്നു വെടിയുണ്ടയും കണ്ടെടുത്തു.
സംഘത്തിലുണ്ടായിരുന്ന മാഹി സ്വദേശി ദീപു, ഉളിയില്‍ സ്വദേശി ആശിഖ് എന്നിവര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ പ്രതികളെ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹുസയ്‌ന്റെ കൈവശമുണ്ടായിരുന്ന പണം കണ്ടെടുക്കാനായിട്ടില്ല. പ്രതികളെ ചോദ്യംചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top