പണവും പ്രതാപവും

പണമില്ലാത്തവന്‍ പിണം എന്നത് പഴഞ്ചൊല്ല്. പക്ഷേ, 21ാം നൂറ്റാണ്ടിലും പഴഞ്ചൊല്ലില്‍ പതിരില്ലാതെ നില്‍ക്കുകയാണെന്ന് സാമൂഹിക-സാമ്പത്തിക അവസ്ഥകളെ സംബന്ധിച്ച ചില പഠനങ്ങള്‍ പറയുന്നു. അമേരിക്കയിലെ സാമൂഹിക-സാമ്പത്തിക സെന്‍സസിനു വേണ്ടി നടത്തിയ സര്‍വേയിലെ ഫലങ്ങളാണ് വരുമാനവും സാമൂഹികമായ സ്ഥാനമാനങ്ങളും തമ്മിലുള്ള ബന്ധങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത്.
പഠനത്തില്‍ കണ്ടെത്തിയത് ഭര്‍ത്താവും ഭാര്യയും ജോലി ചെയ്തു വരുമാനമുണ്ടാക്കുന്ന കുടുംബങ്ങളില്‍ സ്ത്രീകള്‍ പലരും തങ്ങളുടെ യഥാര്‍ഥ വരുമാനം കുറച്ചുകാണിക്കുന്നുവെന്നാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ പുരുഷന്‍മാരാവട്ടെ, ഭാര്യമാരേക്കാള്‍ വരുമാനം കൂട്ടിപ്പറയുന്നതായും കണ്ടെത്തി.
സ്ത്രീപുരുഷ ബന്ധങ്ങളില്‍ വരുമാനം ഇപ്പോഴും സുപ്രധാന ഘടകം തന്നെയാണ് എന്നതിന്റെ തെളിവായി ഗവേഷകര്‍ ഈ കാര്യം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകള്‍ പലരും യഥാര്‍ഥ വരുമാനം മറച്ചുവച്ചത് തന്നേക്കാള്‍ കുറച്ചു മാത്രം വരുമാനമുള്ള ഭര്‍ത്താവിന് മനപ്രയാസം ഉണ്ടാക്കേണ്ടെന്നു കരുതിയാണത്രേ. പല പുരുഷന്‍മാരും യഥാര്‍ഥ വരുമാനത്തേക്കാള്‍ കടത്തിപ്പറയുന്നതിനും കാരണം ഇതുതന്നെ.
മധ്യവര്‍ഗ കുടുംബങ്ങളില്‍ സ്ത്രീയും പുരുഷനും ഒരേപോലെ ജോലി ചെയ്യുന്നതും വരുമാനം നേടുന്നതും ഇപ്പോള്‍ വ്യാപകമാണ്. അതിന്റെ ഭാഗമായ മാനസികവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. വിവാഹമോചനത്തിനുപോലും ഇത്തരം വൈരുധ്യങ്ങള്‍ കാരണമാവുന്നുമുണ്ട്. അതില്‍ നിന്നു രക്ഷനേടാനുള്ള ഒരു മാര്‍ഗമാണത്രേ വരുമാനത്തിലെ ഈ മറച്ചുവയ്ക്കല്‍ തന്ത്രങ്ങള്‍.

RELATED STORIES

Share it
Top