പണമിടപാട്: യുവാവിനെ മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പണമിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തടങ്കലില്‍ വച്ച് രേഖകളില്‍ ഒപ്പിടീക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത മൂന്നുപേര്‍ പിടിയില്‍. കാര്യമ്പലത്തെ ജാഫര്‍ (34), കൂവോട് സ്റ്റേഡിയത്തിന് സമീപം സഹോദരങ്ങളായ ടി പി ഷാഹുല്‍ ഹമീദ് (38), പി എം സിദ്ദീഖ് (40) എന്നിവരെയാണ് എസ്‌ഐ ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. പഴയങ്ങാടി വെങ്ങരയിലെ അബ്ദുല്‍ ഗഫൂറി (41)നെയാണ് തളിപ്പറമ്പ് ഏഴാംമൈലിലെ വാടകമുറിയില്‍ തടങ്കലില്‍ വച്ചത്. പണത്തിന് ആവശ്യം വന്നപ്പോള്‍ അബ്ദുല്‍ ഗഫൂര്‍ കാര്യമ്പലത്തെ ജാഫറുമായി ബന്ധപ്പെട്ട് ബന്ധുവിന്റെ കെ എല്‍ 13 എഡി 6610 കാര്‍ പണയംവച്ച് 125000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞ ദിവസം തളിപ്പറമ്പിലെത്തി ജാഫറുമായി ബന്ധപ്പെട്ടു. പണം നല്‍കി രേഖകള്‍ തിരികെ വാങ്ങാന്‍ ഏഴാം മൈലിലെത്തിയ ഗഫൂറിനെ സിദ്ദീഖും ഷാഹുല്‍ ഹമീദും കൂടി ഏഴാം മൈലിലെ മുറിയില്‍ പൂട്ടിയിട്ട് ചെക്കിലും മുദ്രക്കടലാസിലും ഒപ്പിടീച്ചു. രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഗഫൂറിന്റെ നിലവിളി കേട്ട് താഴെ റോഡില്‍ നില്‍ക്കുകയായിരുന്ന അളിയന്‍ നൗഷാദ് പോലിസിനെ വിവരമറിയിക്കുകയായിരുന്നു.

RELATED STORIES

Share it
Top