പണപ്പെരുപ്പം: പാകിസ്താന് ഐഎംഎഫ് മുന്നറിയിപ്പ്

ഇസ്‌ലാമാബാദ്: സമ്പദ്‌വ്യവസ്ഥയുടെ അസ്ഥിരത ഒഴിവാക്കാന്‍ എത്രയും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താന് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മുന്നറിയിപ്പ് നല്‍കി. വളര്‍ച്ചാ നിരക്ക് സാവധാനത്തിലായതു പണപ്പെരുപ്പത്തിനു കാരണമാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, സാമ്പത്തിക സഹായം നല്‍കുന്ന വിഷയത്തില്‍ ഐഎംഎഫ് പ്രതികരിച്ചിട്ടില്ല.
ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഐഎംഎഫിന്റെ സഹായം തേടിയിരുന്നു. അതേസമയം പണപ്പെരുപ്പം മറികടക്കാന്‍ ആഭ്യന്തരവകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്ന് ഐഎംഎഫ് വക്താവ് അറിയിച്ചു. പാചകവാതക വിലവര്‍ധനയും ഊര്‍ജ മേഖലകളിലെ നികുതി വര്‍ധനയും ശുപാര്‍ശ ചെയ്തിരുന്നു. കൂടാതെ പ്രതിസന്ധി മറികടക്കാന്‍ വിനിമയ നിരക്ക് ലഘൂകരിക്കാനും ഐഎംഎഫ് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ എണ്ണവില ഉയരുന്നതു സാമ്പത്തികവിപണിയെയും പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നതായി സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സമാന സാഹചര്യത്തില്‍ 1980ലും 2013ലും പാകിസ്താന്‍ ഐഎംഎഫിന്റെ സഹായം തേടിയിരുന്നു. 660കോടി ഡോളറാണ് സഹായം അനുവദിച്ചിരുന്നത്.
അതേസമയം ചൈനയില്‍ നിന്നുള്ള സഹായധനം വായ്പാ തിരിച്ചടവിന് പാകിസ്താന്‍ ഉപയോഗിക്കുമോ എന്ന ആശങ്കയും ഐഎംഎഫ് പങ്കുവച്ചു. നേരത്തെ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലാണെന്ന മുന്നറിയിപ്പു നല്‍കിയിരുന്നു.

RELATED STORIES

Share it
Top