പണത്തിനപ്പുറം മാനവ സ്‌നേഹമാണ് വലുത്മകന്റെ ഘാതകന് നിരുപാധികം മാപ്പുനല്‍കി അബ്ദുല്ല

ജിദ്ദ: പ്രവാസജീവിതത്തിനിടെ മകന്റെ ജീവനപഹരിച്ച ഛാഡ് സ്വദേശിക്ക് 15 വര്‍ഷത്തിനു ശേഷം നിരുപാധികം മാപ്പുനല്‍കി സുദാനി പൗരന്‍. സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ നട്ടംതിരിയുമ്പോഴും 50 ലക്ഷം റിയാല്‍ ദിയാധനം നല്‍കാമെന്ന വാഗ്ദാനം നിരസിച്ച് അബ്ദുല്ല എന്ന വയോധികനാണ് തന്റെ പ്രിയപുത്രന്‍ മുഹമ്മദിന്റെ ഘാതകന് മാപ്പുനല്‍കിയത്. മകനോടൊപ്പം ജിദ്ദയുടെ പ്രാന്തഭാഗത്ത് ആട്ടിടയനായി ജോലിചെയ്യുകയായിരുന്നു അബ്ദുല്ല. മുഹമ്മദിന്റെ പക്കലുണ്ടായിരുന്ന 800 റിയാല്‍ അപഹരിക്കുന്നതിനാണ് ഛാഡുകാരന്‍ കൊലപാതകം നടത്തിയത്.
മകന്റെ അകാല വിയോഗത്തിനു പിന്നാലെ അബ്ദുല്ല പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശമായ ദുവൈമിലേക്കു മടങ്ങി. അതിനിടെ, സൗദി നീതിന്യായവ്യവസ്ഥ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന്റെ മുന്നോടിയായി പ്രതിക്ക് അബ്ദുല്ല മാപ്പുനല്‍കുമോ എന്നറിയാ ന്‍ അധികൃതര്‍ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ജിദ്ദ മനുഷ്യാവകാശസമിതി അബ്ദുല്ലയെ കണ്ടെത്തി വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷ്യംവഹിക്കാന്‍ സൗദിയിലെത്തിച്ചത്.
അതിനിടെ, വധശിക്ഷ ഒഴിവാക്കാന്‍ 50 ലക്ഷം റിയാല്‍ രക്തദാനമായി നല്‍കാന്‍ ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് അബ്ദുല്ലയെ അറിയിച്ചു. ഇക്കാര്യം ഭാര്യയോട് കൂടിയാലോചന നടത്തണമെന്ന് അബ്ദുല്ല ആവശ്യപ്പെട്ടു. ഈ തുകയ്ക്ക് സമ്മതമല്ലെങ്കില്‍ 70 ലക്ഷം റിയാല്‍ വരെ നല്‍കാനുള്ള സന്നദ്ധതയും ചില മനുഷ്യാവകാശസംഘടനകള്‍ അറിയിച്ചു.
അതിനിടെയാണ് ഏവരെയും ഞെട്ടിച്ച്, എന്നാല്‍ തനിക്ക് ഒന്നും ആവശ്യമില്ലെന്നും മകന്റെ ഘാതകന് ദൈവമാര്‍ഗത്തില്‍ മാപ്പുനല്‍കുകയാണെന്നും അബ്ദുല്ല പ്രഖ്യാപിച്ചത്. സുദാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വില്ലയോ ഫഌറ്റോ നല്ല വീടോ നിര്‍മിച്ചുനല്‍കാമെന്ന വാഗ്ദാനവും അബ്ദുല്ല നിരസിച്ചു.

RELATED STORIES

Share it
Top