പണം ലഭിക്കുന്നില്ല; പദ്ധതി നിര്‍വഹണം പാതിവഴിയില്‍

മാനന്തവാടി: ജനുവരി 15നകം 2017-18 വാര്‍ഷിക പദ്ധതിയുടെ 85 ശതമാനവും പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ നടപ്പാവില്ല. പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ബില്ല് ട്രഷറികളില്‍ നിന്നു മാറി ലഭിക്കാത്തതും നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവിനെ തുടര്‍ന്ന് കരാറേറ്റെടുക്കാന്‍ ആളില്ലാത്തതുമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. സംസ്ഥാനത്ത് 60 ശതമാനം പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കിയ ബ്ലോക്ക് പഞ്ചായത്തുകളുള്ളപ്പോള്‍ ഏറ്റവും താഴെ 152ാം സ്ഥാനത്ത് കല്‍പ്പറ്റയാണ്. 10.44 ശതമാനം പ്രവൃത്തികള്‍ മാത്രമാണ് കല്‍പ്പറ്റയില്‍ പൂര്‍ത്തിയായത്. ജില്ലാ അടിസ്ഥാനത്തില്‍ തിരുവനന്തപുരം 41.86 ശതമാനം പൂര്‍ത്തിയാക്കിയപ്പോള്‍ ഏറ്റവും പിന്നിലുള്ള വയനാട് 22.61 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയത്. പദ്ധതി നിര്‍വഹണത്തിന് കൂടുതല്‍ സമയം ലഭിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുകയും വാര്‍ഷിക പദ്ധതി ജൂണ്‍ 15നു മുമ്പായി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചതിലൂടെ 9 മാസം പ്രവൃത്തികള്‍ക്കായി സമയം ലഭിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 15നു മുമ്പായി 85 ശതമാനവും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഡിസംബര്‍ ആദ്യവാരം തുടങ്ങിയ ട്രഷറി നിയന്ത്രണവും ജില്ലയില്‍ കരിങ്കല്‍ ഉല്‍പന്നങ്ങളുടെ ക്ഷാമവും അനിയന്ത്രിത വിലവര്‍ധനവും പ്രതീക്ഷകള്‍ തകിടംമറിച്ചു. ഏറ്റവും ഒടുവിലായി താമരശ്ശേരി ചുരം വഴി ചരക്കുവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുക കൂടി ചെയ്തതോടെ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് വിലവര്‍ധിക്കുകയും പ്രവൃത്തികള്‍ ഏറ്റെടുക്കാനാളില്ലാത്ത അവസ്ഥയുമായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ മാത്രം 43 പ്രവൃത്തികള്‍ ഇനിയും കരാര്‍ നല്‍കാനുണ്ട്. ഇത്തരത്തില്‍ ജില്ലയിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലും പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ ടെന്‍ഡറുകള്‍ മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. പണി പൂര്‍ത്തിയാക്കിയ ഒരു ലക്ഷം രൂപ വരെയുള്ള ചെറിയ പ്രവൃത്തികളുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ നിന്നു മാറ്റാന്‍ കഴിയുന്നില്ല. ആദിവാസി ഭവനനിര്‍മാണം ഉള്‍പ്പെടെ ഇതോടെ അനിശ്ചിതത്വത്തിലായി. കൂടുതല്‍ ലാഭകരമല്ലാത്ത ജോലികളൊന്നും തന്നെ കരാറെടുക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല. ചെറുകിട കരാറുകാരാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. എടുത്ത പ്രവൃത്തികളുടെ ബില്ല് മാറിക്കിട്ടാതെ കൂടുതല്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ഇവര്‍ക്കും കഴിയുന്നില്ല. അതിനിടെ, പദ്ധതിക്കായി വകയിരുത്തിയ തുക നിശ്ചിത സമയത്തിനകം വിനിയോഗിച്ചില്ലെങ്കില്‍ സമ്പൂര്‍ണ ഭവന പദ്ധതി വിഹിതത്തിലേക്ക് മാറ്റിവയ്ക്കണമെന്ന നിര്‍ദേശം ഗ്രാമപ്പഞ്ചായത്തുകളുടെ വികസന സ്വപ്‌നത്തിന് തിരിച്ചടിയാവും.

RELATED STORIES

Share it
Top