പണം കൊടുത്ത ബാറുടമകള്‍ കോടതിയില്‍ വരാത്തതെന്തെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ ബാറുടമകള്‍ക്ക് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. പണം കൊടുത്തതായി പറയുന്ന ബാറുടമകള്‍ പരാതിയുമായി കോടതിയില്‍ വരാത്തതെന്തെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി ചോദിച്ചു. മന്ത്രിയും ബാറുടമകളും ചേര്‍ന്നു നടത്തിയ ഉപജാപത്തിലൂടെ ബാറുകളില്‍ നിന്നും വരുമാന നേട്ടം കൊയ്‌തെടുത്തതിനാലാണോ അവര്‍ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നതെന്നും വിജിലന്‍സ് ജഡ്ജി ഡി അജിത് കുമാര്‍ ചോദിച്ചു.
കേസ് ഡയറി ഫയല്‍ 23നകം ഹാജരാക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂനിറ്റ് എസ്പിക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് 23നു കോടതി വീണ്ടും പരിഗണിക്കും. കേസ് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റഫര്‍ റിപോര്‍ട്ടിനെതിരേ വാദംപറയാന്‍ വിഎസ് അച്യുതാനന്ദന്‍, മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ നേതാവ് പി കെ രാജു, ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍ എന്നിവര്‍ കോടതിയില്‍ സമയം തേടി. വിജിലന്‍സിന്റെ റഫര്‍ റിപോര്‍ട്ട് നിരാകരിച്ച് കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നോബിള്‍ മാത്യു, നെയ്യാറ്റിന്‍കര പി നാഗരാജ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി.

RELATED STORIES

Share it
Top