പണം ആവശ്യപ്പെട്ടത് നിയമവിരുദ്ധമായെന്ന് ആരോപണം; സന്തോഷിന്റെ മരണം: പോലിസ് പ്രതിക്കൂട്ടില്‍

പാലക്കാട്: കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോലിസ് ഭീഷണിപ്പെടുത്തിയ ദലിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കസബ എഎസ്‌ഐയുടെ നടപടി ചോദ്യംചെയ്യപ്പെടുന്നു. എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സംഭവത്തിലാണ് പോലിസ് നഷ്ടപരിഹാരമെന്ന നിലയില്‍ വന്‍തുക എലപ്പുള്ളി പള്ളത്തേരി ചേവല്‍ക്കാട് സന്തോഷിനോട് ആവശ്യപ്പെട്ടത്. പോലിസ് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സന്തോഷ് കഴിഞ്ഞ ദിവസം വീടിന് സമീപമുള്ള പറമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു.
പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് പാടില്ലെന്നിരിക്കെയാണ് പോലിസ് നിയമവിരുദ്ധമായി സന്തോഷില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. പോലിസിന് പണം പിടുങ്ങാനുള്ള സൂത്രമാണ് നഷ്ടപരിഹാരം എന്ന രീതിയില്‍ പണം ആവശ്യപ്പെട്ടതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍ക്കാന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും പറയുന്നു.
മൂന്നുമാസം മുമ്പ് കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ കേസില്‍ സന്തോഷ് ഉള്‍പ്പെടെയുള്ള നാലു പേരാണ് പ്രതികളെന്ന് പോലിസ് ആരോപിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 60,000 രൂപ പിഴ അടയ്ക്കാനും പോലിസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ വ്യവസ്ഥയില്ല. പിന്നെ എന്തിനാണ് ഇത്രയും തുക ആവശ്യപ്പെട്ടതെന്നാണ് ചോദ്യം ഉയരുന്നത്. മരിക്കുന്നതിന് തലേന്നും ഈ തുക ചോദിച്ച് എഎസ്‌ഐ സന്തോഷിനെ വിളിച്ചിരുന്നു. കെഎസ്ആര്‍ടിസിയുടെ അനുമതിയോടെയാണ് ഒത്തുതീര്‍പ്പിന് പണം ആവശ്യപ്പെട്ടതെന്നാണ് പോലിസ് വിശദീകരിക്കുന്നത്. എന്നാല്‍ ഇത് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ നിഷേധിക്കുന്നു.
അതിനിടെ, സന്തോഷിന്റെ മൃതദേഹവുമായി ബിജെപി, ബിഎസ്പി പ്രവര്‍ത്തകര്‍ ഇന്നലെ പൊള്ളാച്ചി-പാലക്കാട് സംസ്ഥാന പാത ഉപരോധിച്ചു. ഉപരോധസമരം അറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം നേതാവും കോങ്ങാട് എംഎല്‍എയുമായ കെ വി വിജയദാസ് ഉപരോധക്കാരുടെ നേരെ അസഭ്യ വര്‍ഷം നടത്തി. എംഎല്‍എ കൈയേറ്റം നടത്തിയെന്നാരോപിച്ച് ഇന്ന് എലപ്പുള്ളി പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സന്തോഷിനെ ഭീഷണിപ്പെടുത്തിയ കസബ എഎസ്‌ഐക്കെതിരേ നടപടി എടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. പോലിസ് ഒത്തുതീര്‍പ്പ് നടത്തുന്നതിനിടെ സ്ഥലത്തെത്തിയ കെ വി വിജയദാസ് എംഎല്‍എ പ്രതിഷേധക്കാരുമായി ബഹളം വയ്ക്കുകയായിരുന്നു.
വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതോടെ പോലിസ് ഇടപെട്ട് മൃതദേഹം വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ബഹളത്തിനിടയില്‍ പരിക്കേറ്റ ബിഎസ്പി പ്രവര്‍ത്തകനായ രവി പള്ളത്തേരി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടി. പിന്നീട് പോലിസ് ഇടപെട്ട് ഉപരോധം അവസാനിപ്പിച്ചു.

RELATED STORIES

Share it
Top