പഠിപ്പിക്കാത്ത ഭാഗങ്ങളിലെ ചോദ്യങ്ങളിട്ട് എംജി; വിദ്യാര്‍ഥികള്‍ വിഷമത്തില്‍

നിസാര്‍ ഇസ്മയില്‍

പൊന്‍കുന്നം: എംജി യുനിവേഴ്‌സിസിറ്റിയുടെ വികലമായ ആസൂത്രണം മൂലം പഠിപ്പിക്കാത്ത പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷയെഴുതേണ്ട ഗതികേടില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍. രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണ് പഠിക്കാത്ത പാഠം എഴുതേണ്ടി വരുന്നത്. എംജി സര്‍വകലാശാലയിലെ പരീക്ഷാ കലണ്ടര്‍ പ്രകാരം ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് ഒരു സെമസ്റ്ററില്‍ ലഭിക്കേണ്ടത് 90 അധ്യയന ദിനങ്ങളാണ്. എന്നാല്‍ 45 ദിവസത്തെ ക്ലാസ് മാത്രമാണ് രണ്ടാം സെമസ്റ്ററില്‍ ലഭിച്ചത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ മുതലേ തുടങ്ങിയ താളപ്പിഴയാണ് വിദ്യാര്‍ഥികളെ ഇപ്പോള്‍ പഠിക്കാത്ത പാഠത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ട ഗതികേടിലെത്തിച്ചത്. പരീക്ഷാ കലണ്ടര്‍ പ്രകാരം ജനുവരി 30ന് തീരേണ്ടിയിരുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷ അവസാനിച്ചത് മാര്‍ച്ച് രണ്ടിനാണ്. പരീക്ഷ വൈകിയെങ്കിലും ഒന്നാം സെമസ്റ്ററില്‍ 90 അധ്യയന ദിനങ്ങള്‍ ലഭിച്ചിരുന്നു.ജൂലൈ 11ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങുകയാണ് എംഎ, എംഎസ്‌സി, എംകോം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക്. ഇവര്‍ക്ക് ക്ലാസ് തുടങ്ങിയത് മാര്‍ച്ച് മൂന്നിനാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ എയ്ഡഡ് കോളജ് അധ്യാപകര്‍ക്ക് നിര്‍ബന്ധിത പരീക്ഷാ മൂല്യനിര്‍ണയമുണ്ടായിരുന്നതിനാല്‍ ക്ലാസുകള്‍ നടന്നില്ല. ജൂണിലാണ് പിന്നീട് റെഗുലര്‍ ക്ലാസ് നടന്നത്. ആകെ അധ്യയന ദിവസം ലഭിച്ചത് 45 മാത്രം. രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമാവാത്തതോടെ കുട്ടികള്‍ ആശങ്കയിലാണ്. സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യയന ദിനം പൂര്‍ണമായും വിനിയോഗിക്കാനും പാഠഭാഗങ്ങള്‍ തീര്‍ക്കാനും അവസരം ലഭിച്ചിട്ടുണ്ട്. സ്വാശ്രയ കോളജിലെ അധ്യാപകര്‍ക്ക് പരീക്ഷാ മൂല്യനിര്‍ണയമില്ലാത്തതിനാല്‍ ക്ലാസുകള്‍ കൃത്യമായി നടത്താനായി. റഗുലര്‍ കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പഠിക്കാതെ പരീക്ഷയെഴുതേണ്ട ഗതികേട്.

RELATED STORIES

Share it
Top