പഠനോപകരണങ്ങളുടെ വിലക്കയറ്റം; രക്ഷിതാക്കള്‍ ബുദ്ധിമുട്ടില്‍ഈരാറ്റുപേട്ട: നിര്‍മാണ വസ്തുക്കളുടെ വില കുതിപ്പും ഇറക്കുമതി ചെലവു വര്‍ധനവു കൂടിയതും മൂലം സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങള്‍ക്ക് വില ഉയരുന്നു. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ അഞ്ചു ദിവസം മാത്രം ബാക്കി നില്‍ക്കേ സാധാരണക്കാര്‍ ദുരിതത്തിലായി. അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്കും കോഴി ഇറച്ചിക്കും മീനിനും മുട്ടയ്ക്കും പച്ചക്കറിക്കും വില ഉയര്‍ന്ന് കുടുംബ ബജറ്റ് താളംതെറ്റി ജനങ്ങള്‍ പൊറുതിമുട്ടുന്നതിനിടയിലാണ് ഒഴിച്ചുകൂടാനാവാത്ത സ്‌കൂള്‍ അധ്യയന വര്‍ഷം കൂടി എത്തിയത്. നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റമാണ് വില ഉയരാന്‍ കാരണമായി പറയുന്നത്. എന്നാല്‍ അവ കുറയ്ക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാറുകളുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. കഴിഞ്ഞ തവണത്തേക്കാള്‍ വില വര്‍ധിച്ചിട്ടുണ്ട്. വില കേട്ട് ഞെട്ടുകയാണ് രക്ഷിതാക്കള്‍. ബുക്ക് സ്റ്റാളുകളിലും, ലേഡീസ് സ്റ്റോറുകളിലും മറ്റും പ്രത്യേകമായി അലങ്കരിച്ച കൗണ്ടറുകള്‍ ഒരുക്കിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഉപകരണങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെയും, കടലാസിന്റെയും വിലക്കയറ്റമാണ് മുന്‍ വര്‍ഷത്തേക്കാള്‍ വില കൂടാന്‍ ഇടയാക്കുന്നതെന്നാണു സൂചിപ്പിക്കുന്നത്. ബാഗ്, നോട്ട് ബുക്ക്, കുട, പേന, പെന്‍സില്‍, ബോക്‌സ്, വാട്ടര്‍ ബോട്ടില്‍. ടിഫിന്‍ ബോക്‌സ് എന്നിവയാണു പൊതുവായി ഓരോ സ്‌കൂള്‍ വിദ്യാഥിക്കും വേണ്ടത്. ഒരു കുട്ടിക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ക്ക് 3500 രൂപയോളം വേണ്ടി വരും. യൂനിഫോമുകളുടെയും മറ്റു അനുബന്ധ സാധനങ്ങളുടെയും പുറമേയാണിത്.15 മുതല്‍ 70 രൂപവരെ വിലയുള്ള നോട്ടുബുക്കുകള്‍ വിപണിയിലുണ്ട്. നീളവും വീതിയുമുള്ള നോട്ടുബുക്കുകള്‍ക്കാണു പ്രിയം. പുതിയ അധ്യായന വര്‍ഷം പ്രമാണിച്ച് കോടിക്കണക്കിനു രൂപയുടെ നോട്ട് ബുക്കുകളും മറ്റുമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ചൈനീസ് സാധനങ്ങള്‍ വാങ്ങിയാലും വിലയില്‍ വലിയ മാറ്റമില്ലാത്ത അവസ്ഥയാണ്.

RELATED STORIES

Share it
Top