പഠനത്തില്‍ പ്രാവിണ്യം തെളിയിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി

കൊച്ചി: പഠനത്തില്‍ പ്രാവീണ്യം തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ തുടര്‍പഠനം സാധ്യമാക്കുന്നതിനായി മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി.
എംബിബിഎസ്, എന്‍ജിനീയറിങ്്, ബിഎസ്‌സി നഴ്‌സിങ്്, ബികോം എന്നീ കോഴ്‌സുകളിലെ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. മന്ത്രി മാത്യു ടി തോമസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ.കുഞ്ചെറിയ പി ഐസക് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. പ്രഫ. കെ വി തോമസ് എംപി, രാജഗിരി കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ ഉണ്ണികൃഷ്ണന്‍, എംഐടിഎസ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. രാംകുമാര്‍, ഡോ. സെലീന്‍ (സെന്റ്, തെരേസാസ് കോളജ്), ഡോ. ഹരീഷ് (ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം), ഡോ. ജുനൈദ് (മുന്‍ ഡയറക്ടര്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, എറണാകുളം), ഡോ. ഉഷ മാരാത്ത് (പ്രിന്‍സിപ്പല്‍, ലിസി കോളജ് ഓഫ് നഴ്‌സിങ്), വി എ ജോസഫ് (മുന്‍ എംഡി, എസ്‌ഐബി), കെ പി പത്മകുമാര്‍, ജോണ്‍പോള്‍ പങ്കെടുത്തു.
യുവ മനസുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് 40 അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതെന്ന് ജോര്‍ജ് എം അലക്‌സാണ്ടര്‍ പറഞ്ഞു. പ്ലസ്ടു പരീക്ഷ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ്. 80 മാര്‍ക്കോ തുല്യമായ ഗ്രേഡോ ലഭിക്കുന്ന, വാര്‍ഷിക വരുമാനം രണ്ടു ലക്ഷത്തിന് താഴെയുള്ള കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ഏതെങ്കിലും ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിലെ തുടര്‍ പഠനത്തിനുള്ള എന്‍ട്രന്‍സും പാസായിരിക്കണം.

RELATED STORIES

Share it
Top