പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കിയതോടെ പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. മാനേജ്‌മെന്റിനു പറ്റിയ പിഴവിന് തങ്ങളെ ബലിയാടാക്കരുതെന്നും വിദ്യാര്‍ഥികളുടെ വാദം കേള്‍ക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെടും. അവസാന പ്രതീക്ഷയെന്ന നിലയില്‍ ഇതുസംബന്ധിച്ച ഹരജി രണ്ടു ദിവസത്തിനകം ഫയല്‍ ചെയ്യുമെന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളുടെ കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്ന മോഹനന്‍ കോട്ടൂര്‍ പറഞ്ഞു.
സ്വാശ്രയ മെറിറ്റില്‍ അര്‍ഹതപ്പെട്ട സീറ്റില്‍ പ്രവേശനം നേടിയതാണ് 2016-17 എംബിബിഎസ് ബാച്ചിലെ 150 വിദ്യാര്‍ഥികള്‍. കൃത്യമായ രേഖകള്‍ യഥാസമയത്ത് ഹാജരാക്കി. ഒന്നാംവര്‍ഷത്തെ ഫീസായ 10 ലക്ഷവും സ്‌പെഷ്യല്‍ ഫീസ് ഇനത്തില്‍ 1.65 ലക്ഷം രൂപയും അടച്ചു. പലരില്‍ നിന്നു പല രീതിയിലാണ് തലവരിപ്പണം വാങ്ങിയത്.
2016 സപ്തംബറില്‍ ക്ലാസ് തുടങ്ങി. എന്നാല്‍, മാനേജ്‌മെന്റ് യഥാസമയം ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചില്ലെന്നു പറഞ്ഞ് പ്രവേശന നടപടികള്‍ റദ്ദാക്കിയതോടെ 13 പേര്‍ വിടുതല്‍ വാങ്ങി പോയി. എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം നേടിയ 19 പേരുടെ രേഖകള്‍ പൂര്‍ണമല്ലെന്ന് കോമ്പിറ്റന്റ് അതോറിറ്റി കണ്ടെത്തുകയും ചെയ്തു.
ഇതിനിടെ, ഇവരുള്‍പ്പെടെ 118 കുട്ടികള്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ പഠനം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ നല്‍കിയില്ല. കോളജ് മാനേജ്‌മെന്റിനു പിന്നാലെ വിദ്യാര്‍ഥികളും ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിദ്യാര്‍ഥികളുടെ വാദം കേട്ടില്ല. സമാന അനുഭവമായിരുന്നു സുപ്രിംകോടതിയിലും. മറുഭാഗത്ത് മാനേജ്‌മെന്റ് ഇതുവരെ വിദ്യാര്‍ഥികളോടോ രക്ഷിതാക്കളോടോ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേസ് അടുത്തമാസം പരിഗണിക്കുന്നതിനു മുമ്പ് കക്ഷിചേരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

RELATED STORIES

Share it
Top