പട്ടിണിയിലായി ഇടമലക്കുടി നിവാസികള്‍

മൂന്നാര്‍: മഴക്കാലം മുന്നില്‍ക്കണ്ട് സംഭരിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റു നിത്യോപയോഗ സാധനങ്ങളും തീര്‍ന്നതോടെ പട്ടിണി ഭീഷണിയിലാണു ഇടമലക്കുടി നിവാസികള്‍.
അമ്പലപ്പാറ ഊരിലെ രത്‌നമ്മ, ആണ്ടവന്‍കുടിയിലെ ചെല്ലദുരൈ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.ഇടമലക്കുടി പാക്കേജില്‍പെടുത്തി നിര്‍മിച്ചവയായിരുന്നു ഈ വീടുകള്‍. പണി പൂര്‍ത്തിയാവാത്തതിനാല്‍ ആരും താമസം ഉണ്ടായിരുന്നില്ല. ഐടിഡിപിക്കു കീഴില്‍ ഇഡ്ഡലിപ്പാറ ഊരില്‍ പ്രവര്‍ത്തിച്ചിരുന്ന ഏകാധ്യാപക വിദ്യാലയത്തിന്റെ മേല്‍ക്കൂരയും കാറ്റില്‍ പറന്നു. സംഭവം നടന്നതു രാത്രിയായതിനാല്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ല. 16 കുട്ടികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വര്‍ഷവും കാലവര്‍ഷത്തില്‍ ഈ സ്‌കൂള്‍ കെട്ടിടം തകര്‍ന്നിരുന്നു. സൊസൈറ്റിക്കുടിയില്‍ രാജുവിന്റെ വീടും വെള്ളത്തിലായി.
റോഡ് തകര്‍ന്നു ജീപ്പ് ഗതാഗതവും തലച്ചുമടായുള്ള ചരക്കുനീക്കവും നിലച്ചതോടെ മൂന്നാറില്‍നിന്നു സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കുടിയിലുള്ളത്. ഇവിടെ റേഷന്‍ വിതരണത്തിന്റെ ചുമതലയുള്ള ദേവികുളം ഗിരിജന്‍ സഹകരണ സംഘം മഴക്കാലം മുന്നില്‍ക്കണ്ടു ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ ശേഖരം ഒരുക്കിയിരുന്നെങ്കിലും അതു മതിയാവാതെ വന്നതാണു പ്രശ്‌നമായത്.
മതിയായ സൗകര്യങ്ങളോടെ സംഭരണ കേന്ദ്രം ഇല്ലാത്തതും പരിധിയില്‍ അധികം ശേഖരിച്ചുവച്ചാല്‍ നശിച്ചുപോവാന്‍ ഇടയുള്ളതും ചരക്കുകടത്തിനുള്ള ബുദ്ധിമുട്ടും ഇവിടെ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു ശേഖരിക്കാന്‍ സംഘത്തിനു തടസ്സമാവുന്നു.

RELATED STORIES

Share it
Top