പട്ടികജാതി- വര്‍ഗ അതിക്രമം തടയല്‍ നിയമം: കോടതിവിധി ആശങ്കപ്പെടുത്തുന്നതെന്ന്

ഒറ്റപ്പാലം: നിയമ നിര്‍മാണ സഭകളുടെ മാന്യമായ നിലപാടുകളെ തടസ്സപ്പെടുത്തുന്ന ജുഡിഷ്യറിയുടെ രീതി ഇന്ത്യന്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പട്ടികജാതിവര്‍ഗ അതിക്രമം തടയല്‍ നിയമത്തിന് മേലുള്ള സുപ്രീംകോടതി വിധി കണ്ടാല്‍ ജുഡീഷ്യറി, ഭരണഘടനയെ ആണോ ചാതുര്‍വര്‍ണ്യത്തെയാണോ സംരക്ഷിക്കുന്നതെന്ന് ആശങ്ക തോന്നിപോകുമെന്നും ശ്രീരാമകൃഷണന്‍ പറഞ്ഞു.
സാമൂഹിക നീതി സംരക്ഷണ വാരാചാരണത്തിന്റെ ഭാഗമായി പികെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദലിത് ജീവിതം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ ആദ്യം പ്രതികരിച്ചത് കേരള നിയമസഭയാണ്. കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ ഏറ്റവും പ്രാധാന്യം ജനങ്ങളുടെ പ്രാധിനിത്യമുള്ള നിയമനിര്‍മാണ സഭകള്‍ക്കാണ്. ദലിത് പ്രശ്‌നങ്ങള്‍ ഒരു സമൂഹത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ടി പി കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അജയകുമാര്‍, ഡോ:സി പി ചിത്രഭാനു, സിപിഎം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടന്‍,സ്വാഗത സംഘം കണ്‍വീനര്‍ ഒ വി സ്വാമിനാഥന്‍ സംസാരിച്ചു.

RELATED STORIES

Share it
Top