പട്ടികജാതി വനിതയായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ അവഗണിക്കുന്നതായി പരാതി

പത്തനംതിട്ട: പട്ടിക ജാതി വനിതയായ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ മറികടന്ന് വൈസ് പ്രസിഡന്റ് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതായി പരാതി. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വാര്‍ഷിക പദ്ധതിയോട് അനുബന്ധിച്ച് ഇന്ന് രാവിലെ 11ന് മഠത്തുംമൂഴി ഇടത്താവളത്തില്‍ വിളിച്ചു ചേര്‍ന്ന വികസന സെമിനാറില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ള കത്താണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് കത്ത് നല്‍കിയത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പേരില്‍ വൈസ് പ്രസിഡന്റ് ജിജു ശ്രീധര്‍ ഒപ്പിട്ട്. എന്നാല്‍ വികസന സെമിനാറിന് ക്ഷണിച്ച് കൊണ്ട് ഒരു കത്ത് നല്‍കുന്ന വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നും ഇതിനെ കുറിച്ച് തന്നോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അടക്കം ആരും സംസാരിച്ചിട്ടില്ലെന്നുമാണ് പ്രസിഡന്റ് ബീന സജി പറയുന്നത്. മുന്നു പതിറ്റാണ്ടില്‍ അധികം നീണ്ടുനിന്ന സിപിഎം ഭരണം അവസാനിപ്പിച്ചാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പെരുനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണ സമിതി അധികാരത്തിലെത്തുന്നത്്.
ഭരണത്തില്‍ ആദ്യപാദത്തില്‍ തന്നെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്‍ഡിഎഫുമായി ചേര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന വി കെ വാസുദേവനെ അവിശ്വാസത്തിലൂടെ പുറത്താക്കി. പകരം കേരളാ കോണ്‍ഗ്രസ്(എം) പ്രതിനിധിയായ ജിജു ശ്രീധറിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസിലെ വിമത വിഭാഗവും സിപിഎം പ്രാദേശിക നേതൃത്വവും ഇടപെട്ട് വൈസ് പ്രസിഡന്റിനെ ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഔഗ്യോഗികളില്‍ ഇടപെടുന്നതായും പരാതിയുണ്ട്. 2017 ജൂലൈയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പട്ടിക ജാതി വനിതയായ പ്രസിഡന്റായ ബീനസജിയെ പൊതുജനമധ്യത്തില്‍ അധിക്ഷേപിക്കുകയും കൃത്യനിര്‍വഹണത്തില്‍നിന്ന് ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ഈ സംഭവം വിവാദമായതോടെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കുകയും സെക്രട്ടറിക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തതായും പറയുന്നു.
എന്നാല്‍ ഡിഡിപി കാര്യാലയത്തില്‍ നിന്നും വകുപ്പുതല നടപടി സംബന്ധിച്ച വിവരം ചോര്‍ന്നതോടെ മന്ത്രിതല ഇടപെടലുകള്‍ നടത്തി തുടര്‍നടപടികള്‍ മരവിപ്പിച്ചു. ഇതിനോടൊപ്പം എസ്്‌സി വിഭാഗത്തില്‍പ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം വിട്ടു നല്‍കാതിരുന്നതും വിവാദങ്ങള്‍ക്ക് കാരണമായി. സംഭവത്തില്‍ പ്രതിഷേധിച്ച് സാംബവ മഹാസഭ റാന്നി താലൂക്ക് യൂനിയന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി പട്ടിക ജാതി വനിതാ സംവരണമായതിനാലും സംവരണ വിഭാഗത്തില്‍പ്പെട്ട മറ്റു വനിതകള്‍ ഇല്ലാത്തതിനാലുമാണ് നിലവിലുള്ള സാഹചര്യത്തില്‍ ബീനസജിക്ക് തുടരാന്‍ കഴിയുന്നത്. വിമത വിഭാഗത്തില്‍പ്പെട്ട ഒരാള്‍ രാജി വച്ച് അവിടെ പട്ടികജാതി വനിതയെ മല്‍സരിപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി ബീനസജിയെ ഒഴിവാക്കി ഏറ്റെടുക്കുന്നതിനുള്ള ശ്രമവും തുടങ്ങിയിരുന്നു. എന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടികള്‍ നേരിടുന്നതിനാലാണ് അംഗങ്ങളില്‍ ചിലര്‍ ഇതിനെ എതിര്‍ത്തത്.

RELATED STORIES

Share it
Top