പട്ടികജാതി പട്ടികവര്‍ഗ ഗോത്രകമ്മീഷന്‍ അദാലത്തില്‍ 40 കേസുകള്‍ തീര്‍പ്പായി

കോഴിക്കോട്: കലക്ടറേറ്റില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ ഗോത്രകമ്മീഷന്‍ അദാലത്തില്‍ 65 കേസുകള്‍ പരിഗണിച്ചതായും 40 കേസുകള്‍ തീര്‍പ്പാക്കിയതായും കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി അറിയിച്ചു. 28 പുതിയ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരാതിപരിഹാര അദാലത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി, ജില്ലാ കലക്ടര്‍ യു വി ജോസ്, ജില്ലാ പൊലിസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍, കമ്മീഷന്‍ അംഗങ്ങളായ എസ് അജയകുമാര്‍, പി ജെ സിജ, എന്നിവരാണ് പരാതികള്‍ പരിഗണിച്ചത്.
വിവിധ അതിക്രമങ്ങള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നല്‍കുന്ന പരാതികളില്‍ പോലിസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാലതാമസം വരുത്തുകയാണെന്ന ഹരജിയില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പരാതികളില്‍ കാലതാമസമുണ്ടാകുന്നതായാണ് അദാലത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചത്. താമരശ്ശേരി താലൂക്കിലെ പനങ്ങാട് വില്ലേജില്‍ പട്ടികജാതി വിഭാഗങ്ങളുടെ നാലര ഏക്കര്‍ ശ്മശാനം സ്വകാര്യവ്യക്തികള്‍ കയ്യേറിയെന്ന പരാതി അന്വേഷിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
നിലമ്പൂര്‍ പാലക്കയം പട്ടികവര്‍ഗ്ഗ കോളനിയില്‍ പാലം നിര്‍മ്മിക്കുന്നതിന് വനം വകുപ്പ് അനുമതി നല്‍കണമെന്നും പാലത്തിന് പട്ടികവര്‍ഗ്ഗ വകുപ്പ് ഫണ്ട് അനുവദിക്കണമെന്നും കമ്മീഷന് പരാതി ലഭിച്ചു. ഹയര്‍സെക്കണ്ടറി വകുപ്പ്, ഹിസ്റ്ററി വിഭാഗം അധ്യാപകരുടെ  സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനം നടത്തുന്നില്ലെന്ന  ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ വകുപ്പില്‍ നിന്ന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്നും വ്യക്തമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

RELATED STORIES

Share it
Top