പട്ടാമ്പി ബസ്സ്റ്റാന്റ്നവീകരണം ഇന്ന് മുതല്‍

പട്ടാമ്പി: പട്ടാമ്പി നഗരസഭയുടെ കെ പി തങ്ങള്‍ സ്മാരക ബസ് സ്റ്റാന്റ് നവീകരണം ഇന്ന് മുതല്‍ ആരംഭിക്കും. കോണ്‍ക്രീറ്റ് വിണ്ടുകീറിയും ചെറുതുംവലുതുമായ കുഴികള്‍ നിറഞ്ഞും  വളരെ ശോച്യാവസ്ഥയിലായ ബസ്സ്റ്റാന്റ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.  ബസ്സുകള്‍ തിരിച്ചു നിര്‍ത്താനും യാത്രക്കാര്‍ ബസ്സില്‍ കയറാനും വളരെയധികം ക്ലേശിക്കുന്നു. മൊത്തം അര കോടി രൂപ ചെലവിലാണ് ബസ്സ്റ്റാന്റ് സമുച്ചയമടക്കം നവീകരിക്കൂന്നത്. 30 ലക്ഷംരൂപ ചെലവിലാണ് യാര്‍ഡില്‍ ഇഷ്ടികക്കട്ട വിരിക്കുന്നത്. നാല് യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഷെഡിന്റെ കേടുവന്ന ഷീറ്റുകള്‍ മാറ്റി പുതിയ ഷീറ്റുകള്‍ മേഞ്ഞും തകര്‍ന്ന ഇരിപ്പിടങ്ങള്‍ ഒഴിവാക്കി പുതിയവ ഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിന് മാത്രമായി 4 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയിട്ടുണ്ട്. വ്യാപാര സമുച്ചയം മാത്രം നവീകരിക്കുന്നതിനായി 14 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. യാര്‍ഡിന്റെ കിഴക്ക് ഭാഗത്തുളള ഹമ്പിനെ പ്പററി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുള്ള സ്ഥിതിക്ക് അവ പരിഹരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഉള്‍വശത്തുള്ള ഹമ്പ് മുന്‍വശത്തേക്ക് മാററണമെന്നതാണ് പ്രധാന നിര്‍ദേശം. ഏറെ വേഗതയില്‍ ബസ് തിരിക്കുമ്പോള്‍ യാത്രക്കാര്‍ ഭയന്നോടിയിരുന്ന അവസ്ഥ ഇനി വേണ്ടി വരില്ലെന്നതാണ് പ്രധാന നേട്ടം. കിഴക്കും പടിഞ്ഞാറും ഭാഗത്തുള്ള രണ്ട് ഹമ്പുകളുടെ സമീപത്തും സീബ്രാലൈന്‍ സ്ഥാപിക്കും. സന്ധ്യ മയങ്ങുന്നതോടെ ഇരുട്ടായാല്‍ പിന്നെ നേരം പുലരുവോളം ഈ ഭാഗങ്ങളിലൊന്നും ലൈറ്റുണ്ടായിരുന്നില്ല. ഇവയ്ക്കും ഇനിമുതല്‍ പരിഹാരമാവും. യാത്രക്കാര്‍ ക്കുള്ള കാത്തിരിപ്പുകേന്ദ്രങ്ങളിലെക്ക് പുഴയുടെ ഭാഗത്ത് നിന്നും പുല്ലും പൊന്തയും വളര്‍ന്നതിനാല്‍ ഇഴജന്തുക്കള്‍ ശല്യപ്പെടുത്തുന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇവ വെട്ടി മാറ്റി നീക്കം ചെയ്തു വൃത്തിയാക്കാനും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബസ്സ്റ്റാന്റില്‍ വച്ച് ബസ് കഴുകുന്നതിനാലാണ് യാര്‍ഡ് തകരുന്നത് എന്ന പരാതിയും സജീവമായി നീലനില്‍ക്കുന്നുണ്ട്. ഇവയ്ക്കും പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുചകവാഹനങ്ങളടക്കമുള്ള ചെറുവാഹനങ്ങള്‍ ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്നത് തടയണമെന്ന ആവശ്യത്തിന് പരിഹാരം കാണണമെന്നതും പരിഹരിക്കേണ്ടതുണ്ട്. അതേസമയം സ്റ്റാന്റിന്റെ തെക്കുഭാഗത്ത് കഞ്ചാവ് വില്‍പനക്കാരും മറ്റു സാമൂഹിക വിരുദ്ധ ശക്തികളുടെയും വിഹാര സ്ഥലമായതിനാല്‍ പോലിസ്, എക്‌സൈസ് വകുപ്പുകളുടെ അടിയന്തര ശ്രദ്ധ ഈ ഭാഗത്തേക്കുണ്ടാവണമെന്ന ആവശ്യം ശക്തമാണ്.

RELATED STORIES

Share it
Top