പട്ടാമ്പി താലൂക്കില്‍ 12 പഞ്ചായത്തുകള്‍ കുടിവെള്ള ക്ഷാമത്തില്‍

പട്ടാമ്പി: വേനല്‍ കടുത്തതോടെ പട്ടാമ്പി മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. വിവിധ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുന്നത്. പൊതുടാപ്പുകളെ ആശ്രയിക്കുന്നവരുടെ കാര്യമാണ് ഏറെ പരിതാപകരം.
ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമാണ് വെള്ളമെത്തുന്നത്. അതും കുറച്ച് സമയം, കുറഞ്ഞ അളവില്‍ മാത്രം. പട്ടാമ്പി താലൂക്ക് വികസന സമിതിയില്‍ കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വരള്‍ച്ചയും സമഗ്രമായ പരിഹാര മാര്‍ഗങ്ങളും ചര്‍ച്ചയായിരുന്നുവെങ്കിലും യാതൊരു പരിഹാര നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി റവന്യൂ വകുപ്പ് അധികൃതരും പറയുന്നു. താലൂക്കില്‍ 15പഞ്ചായത്തുകളില്‍ 12 എണ്ണവും വരള്‍ച്ചയുടെ പിടിയിലാണ്. നഗരസഭക്ക് പുറമെ പുഴയുടെ സാമീപ്യമുള്ള ചില പഞ്ചായത്തുകളില്‍ മാത്രമാണ് ശുദ്ധ ജല ലഭ്യത വേണ്ടത്രയുള്ളൂ. നിലവിലൂണ്ടായിരുന്ന പല പദ്ധതികളും പൂര്‍ണമായോ ഭാഗികമായോ ഉപയോഗ ശൂന്യമായിരിക്കയാണ്. സമയം എത്രയോ ഉണ്ടായിട്ടും അവയുടെ അറ്റകുറ്റ പണികള്‍ നടത്തി ശുദ്ധ ജല വിതരണം നടത്താന്‍ ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്തുകളോ  വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് പരുതൂര്‍ ലക്ഷം വീട്‌കോളനി നിവാസികള്‍ പറഞ്ഞു. പല കോളനികളിലും കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച കിയോസ്‌കുകള്‍ നോക്കുകുത്തിയായി കിടക്കുകയാണ്. ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളിലോ മറ്റോ കുടിവെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തമാണ്.

RELATED STORIES

Share it
Top