പട്ടാമ്പിയില്‍ ടൗണ്‍ഹാള്‍; ആവശ്യം ശക്തമാവുന്നു

സ്വന്തംപ്രതിനിധി

പട്ടാമ്പി: വര്‍ധിച്ചു വരുന്ന ഉപയോഗം കണക്കിലെടുത്ത് പട്ടാമ്പിയില്‍ നഗരസഭ ടൗണ്‍ഹാള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന നഗര പ്രദേശത്ത് സര്‍ക്കാര്‍ ഓഫിസുകളിലെ അത്യാവശ്യമായ യോഗങ്ങള്‍, സെമിനാറുകള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ പങ്കടുക്കേണ്ട പരിപാടികള്‍ നടത്തുന്നതിന് ആവശ്യമായ സൗകര്യം പട്ടാമ്പി നഗരത്തില്‍ നിലവിലില്ല. അതുപോലെ സ്വകാര്യ വ്യക്തികളുടെ കല്യാണം, വിവാഹ നിശ്ചയം പോലുള്ള ആവശ്യങ്ങള്‍ക്കും സൗകര്യപ്രദമായ കെട്ടിടവും നഗരത്തിലില്ല.
നിലവില്‍ ഇത്തരം ആവശ്യങ്ങള്‍ ഉണ്ടായാല്‍ 3 കിലോമീറ്റര്‍ അകലെയുള്ള മേലെ പട്ടാമ്പിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലോ അല്ലെങ്കില്‍ 2 കിലോമീറ്ററിലധികം ദൂരമുളള മുതുതല ഗ്രാമപ്പഞ്ചായത്തിലെ സിതാര ഓഡിറ്റോറിയത്തിലോ, തൃത്താല പഞ്ചായത്തിലെ ഖലീഫ കല്യാണ മണ്ഡപത്തെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇതിനൊരു ശാശ്വത പരിഹാരമായി  ഉപയോഗമില്ലാതെ കിടക്കുന്ന പഴയ മല്‍സ്യ മാര്‍ക്കറ്റ് സ്ഥിതി ചെയ്തിരുന്ന മിനി സിവില്‍ സ്റ്റേഷന്‍ റോഡിലെ ജീര്‍ണാവസ്ഥയിലുളള കെട്ടിടം ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പഴയ കെട്ടിം പൊളിച്ച് പകരം ആധുനിക സൗകര്യത്തോടെ ടൗണ്‍ ഹാള്‍ പണിയാവുന്നതാണെന്നാണ് നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്. മാത്രമല്ല, ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരുനില പാര്‍ക്കിങ്ങിനോ അല്ലെങ്കില്‍ മറ്റ് ഓഫിസുകള്‍ക്കായോ രൂപകല്‍പന ചെയ്യാവുന്നതുമാണ്.
സ്ഥലസൗകര്യമില്ലാത്തതിന്റെ പേരില്‍ താലൂക്ക് ആസ്ഥാനമായ പട്ടാമ്പിയില്‍ ആരംഭിക്കാത്ത സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പുറമെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന മുഴുവന്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളെയും ഒരുകുടക്കീഴില്‍ കൊണ്ടുവരാനും കഴിയും.

RELATED STORIES

Share it
Top