പട്ടാനൂര്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തനം താളംതെറ്റി

ഇരിക്കൂര്‍: കൂടാളി പഞ്ചായത്തിലെ നായാട്ടുപാറയില്‍ പ്രവര്‍ത്തിക്കുന്ന പട്ടാനൂര്‍ വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. വില്ലേജ് ഓഫിസറടക്കം അഞ്ചു ജീവനക്കാര്‍ വേണ്ടിടത്ത് മൂന്നു ജീവനക്കാര്‍ മാത്രമാണുള്ളത്. വില്ലേജ് ഓഫിസറെ വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ പേരില്‍ മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് നിയമിച്ചിരിക്കുകയാണ്.
പകരം കൂടാളി വില്ലേജ് ഓഫിസര്‍ക്ക് അധികചുമതല നല്‍കിയിട്ടുണ്ട്. മറ്റു ജീവനക്കാര്‍ മിക്കവരും ഫീല്‍ഡ് ഡ്യൂട്ടി, താലൂക്ക് ഓഫിസ് മീറ്റിങ് തുടങ്ങി ഔദ്യോഗിക കാര്യങ്ങളിലാവുമ്പോള്‍ മിക്ക ദിവസങ്ങളിലും ഓഫിസില്‍ ആരുമില്ലാത്ത അവസ്ഥയാണ്. ഭൂമിയുടെ തണ്ടപ്പേരിനും മറ്റു കാര്യങ്ങള്‍ക്കും അപേക്ഷ നല്‍കിയവര്‍ക്ക് ഒന്നര മാസം കഴിഞ്ഞിട്ടും മറുപടി ലഭിക്കുന്നില്ല.
ജില്ലയിലെ തന്നെ വലിയ വില്ലേജ് ഓഫിസ് കൂടിയായ ഇവിടെ എപ്പോഴും വലിയ തിരക്കാണുള്ളത്. അടിയന്തരമായി ആവശ്യത്തിനു ജീവനക്കാരെ നിയമിച്ച് ജനങ്ങളുടെ പ്രയാസങ്ങള്‍ക്കു പരിഹാരം കാണണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top