പട്ടാനൂരില്‍ വില്ലേജ് ഓഫിസറില്ല; ഫയലുകള്‍ കെട്ടിക്കിടക്കുന്നു

ഇരിക്കൂര്‍: കൂടാളി പഞ്ചായത്തിലെ നായാട്ടുപാറയില്‍ സ്ഥിതിചെയ്യുന്ന പട്ടാനൂര്‍ വില്ലേജ് ഓഫിസില്‍ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അഭാവം തിരിച്ചടിയാവുന്നു. വില്ലേജ് ഓഫിസര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍, വില്ലേജ് അസിസ്റ്റന്റ് എന്നീ ഒഴിവുകളാണ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. കൂടാളി വില്ലേജ് ഓഫിസര്‍ക്കാണ് പകരച്ചുമതല. അപേക്ഷ നല്‍കി യഥാസമയം സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്.
രണ്ടു ജീവനക്കാരാണ് ഓഫിസിലെ അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. വില്ലേജ് ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസം മൂന്നായി. ജില്ലയിലെ തന്നെ ഏറ്റവും വലിയ വില്ലേജ് കൂടിയാണെങ്കിലും ഇവിടെ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ കൃത്യസമയത്ത് കിട്ടുന്നില്ല. ദിവസങ്ങള്‍ കൊണ്ട് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭിക്കാന്‍ മാസങ്ങളെടുക്കുകയാണ്.
നേരത്തേ ഉണ്ടായിരുന്ന വില്ലേജ് ഓഫിസറെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വര്‍ക്ക് അറേഞ്ച്‌മെന്റില്‍ മാറ്റിയതാണ് പട്ടാന്നൂര്‍ വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റാന്‍ കാരണം. ജീവനക്കാര്‍ താലൂക്ക് ഓഫിസ് ഡ്യൂട്ടിക്കും തഹസില്‍ദാറുടെ യോഗത്തിനും മറ്റു ജീവനക്കാര്‍ ഫീല്‍ഡില്‍ പോവുമ്പോള്‍ വില്ലേജ് ഓഫിസ് അടച്ചിടണം. അടുത്തിടെ നിരവധി തവണ ഇപ്രകാരം അടച്ചിട്ടതായി നാട്ടുകാര്‍ പറയുന്നു. ഫയലുകളും ഫര്‍ണിച്ചറുകളുമെല്ലാം ക്രമംതെറ്റിയ നിലയില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

RELATED STORIES

Share it
Top