പട്ടയ വിതരണത്തിന്റെ സമഗ്ര റിപോര്‍ട്ട് ജില്ലാ വികസനസമിതി ആവശ്യപ്പെട്ടുതൃശൂര്‍: ജില്ലയിലെ പട്ടയവിതരണം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്ന് ബി ഡിദേവസ്സി എംഎല്‍എ ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. മലയോര പട്ടയ വിതരണ കാര്യത്തില്‍ വകുപ്പുകള്‍ തമ്മിലുളള ധാരണകുറവ് തടസ്സങ്ങള്‍ക്കിടയാകുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ മന്ത്രിമാര്‍, എംഎല്‍എ മാര്‍, ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല യോഗം വിളിച്ച് ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വാടാനപ്പളളി കുടിവെളള പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും പ്രവൃത്തി തുടങ്ങാന്‍ വൈകുന്നതിന് ഉടന്‍ പ്രശ്‌നപരിഹാരം കാണണമെന്ന് മുരളി പെരുനെല്ലി എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ വ്യാപകമായി മണ്ണ് ഖനനവും പാടം നികത്തലും നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥതലത്തില്‍ ഇതിനെതിരെ നടപടികളില്ലാത്തത് പ്രശ്‌നം രൂക്ഷമാക്കാന്‍ സഹായകമായെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ പറഞ്ഞു. ഡെങ്കിപ്പനി നിവാരണത്തിന് ശക്തമായ ക്രമീകരണങ്ങള്‍ ഉണ്ടാകണമെന്നു അഡ്വ.കെ രാജന്‍ എംഎല്‍എ പറഞ്ഞു. നാട്ടിക ബീച്ച് റോഡ് തകരാനിടയാകും വിധം സമീപത്തെ 65 സെന്റ് സ്വകാര്യ ഭൂമിയില്‍ നടന്ന അനിയന്ത്രിത മണ്ണ് ഖനനം ചൂണ്ടികാട്ടി സംസാരിക്കുകയായിരുന്നു അവര്‍. ഹൈക്കോടതി വിധിയുടെ മറവില്‍ നടത്തിയ മണ്ണ് ഖനത്തിനെതിരെ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃതമായി ഖനനം ചെയ്ത മണ്ണിന്റെ റോയല്‍ട്ടിയും വിലയും ഭൂവുടമകളില്‍ നിന്നും ഈടാക്കാനും തീരുമാനിച്ചു.  കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ ഉയരത്തില്‍ ഷീറ്റുപയോഗിച്ച മറയ്ക്കുന്നത് നിയമപരമായി തടയണമെന്നും ഷീല വിജയകുമാര്‍ പറഞ്ഞു. എബിസി യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട എല്ലാ കേന്ദ്രങ്ങളും ജില്ലയില്‍ പ്രവര്‍ത്തിപ്പിക്കണം. മല്‍സ്യവിപണനത്തിലെ രാസവസ്തുക്കളുടെ പ്രയോഗത്തെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കണം എന്നീ കാര്യങ്ങളും  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡിഡിസി യില്‍ ഉന്നയിച്ചു. പരിസ്ഥിതി ദിനത്തില്‍  3.77 ലക്ഷം വൃക്ഷതൈകള്‍ ജില്ലയില്‍ വിതരണം ചെയ്യാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അറിയിച്ചു. തുടര്‍ന്ന് സമ്പൂര്‍ണ്ണ വൈദ്യൂതീകരണത്തിന് പ്രധാന പങ്കാളികളായ കെഎസ്ഇബിയേയും വരള്‍ച്ചയെ കാര്യക്ഷമമായി നേരിടാന്‍ ജില്ലയെ സഹായിച്ച വാട്ടര്‍ അതോറിറ്റിയേയും ഇറിഗേഷന്‍ വകുപ്പിനെയും ജില്ലാ വികസന സമിതി അഭിനന്ദിച്ചു. ശില്‍പശാല നടത്തിതൃശൂര്‍: ജില്ലാ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ നടക്കുന്ന വനിതാ ഫെസ്റ്റ് 2017ല്‍ ഹോമിയോ കാര്‍ഷിക വിളകളില്‍ എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തി. ഗവണ്‍മെന്റ് ഹോമിയോ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.അബ്ദുള്‍ ലത്തീഫ് ക്ലാസെടുത്തു. വിവിധ വനിതാ സ്വയം സഹായ സംഘങ്ങളുടെയും വനിതാ സംരംഭകരുടെയും സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ള ഫെസ്റ്റ് ഇന്ന് സമാപിക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും കലാപരിപാടികളുടം വനിതാ ഫെസ്റ്റിനോടനുബന്ധിച്ച് ദിവസവും സംഘടിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top