പട്ടയമേളയ്ക്ക് പിന്നിലെ അഴിമതി; മൂന്ന് തഹസില്‍ദാര്‍മാര്‍ക്കെതിരേ സര്‍ക്കാര്‍ ശിക്ഷാനടപടിക്കൊരുങ്ങുന്നു

സി എ സജീവന്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ പട്ടയമേളയുടെ പിന്‍പറ്റി നടത്തിയ വന്‍ ക്രമക്കേടും സാമ്പത്തിക അഴിമതിയും സംബന്ധിച്ച് റവന്യൂ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണ റിപോര്‍ട്ടിന്മേല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നടപടിയെടുക്കുന്നു. മധ്യമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്ന് തഹസില്‍ദാര്‍മാര്‍ക്കെതിരേയാണ് കടുത്ത ശിക്ഷാനടപടിയെടുക്കുന്നത്.
ഇവരെ സര്‍വീസില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നാണ് വിജിലന്‍സ് നല്‍കിയ ശുപാര്‍ശ. ഇപ്രകാരം മുന്‍ കട്ടപ്പന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി എസ് വര്‍ഗീസ് (എല്‍എ), രാജകുമാരി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എസ് ബാബു, പീരുമേട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി എസ് ഷൈന്‍ എന്നിവര്‍ക്കെതിരേയാ ണ് നടപടി. ഇവരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് ഉന്നത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഇന്നോ നാളെയോ ഇതു സംബന്ധിച്ച ഉത്തരവുണ്ടായേക്കും. ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ ബന്ധുവാണ് പി എസ് വര്‍ഗീസ്.
കട്ടപ്പനയില്‍ നടന്ന കഴിഞ്ഞ പട്ടയമേളയുടെ മറവില്‍ വന്‍ ക്രമക്കേടും സാമ്പത്തിക അഴിമതിയും നടന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് റവന്യൂ മന്ത്രിയാണ് കട്ടപ്പന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി എസ് വര്‍ഗീസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടക്കുന്ന വേളയില്‍ ഇദ്ദേഹം പദവിയില്‍ തുടരുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. രാജകുമാരി, പീരുമേട് ലാന്‍ഡ് അസൈന്‍മെന്റ് ഓഫിസുകളില്‍ നിന്നു നല്‍കിയ പട്ടയങ്ങളെ സംബന്ധിച്ചും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് എസ് ബാബുവിനെതിരേയും പി എസ് ഷൈനെതിരേയും അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം മുന്‍നിര്‍ത്തി ഇരുവരെയും തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനിടെയാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കിയത്.
ഹില്‍മെന്‍ സെറ്റില്‍മെന്റ് ഇനത്തില്‍പ്പെട്ടതാണ് കട്ടപ്പന ടൗണ്‍ഷിപ്. ഇവിടെ റീസര്‍വേ പൂര്‍ത്തിയാക്കിയിട്ടുമില്ല. അതിനാല്‍ ഇവിടെ പട്ടയം നല്‍കാന്‍ നിലവിലെ നിയമപ്രകാരം സാധിക്കില്ല. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരി 17ന് കട്ടപ്പനയില്‍ സംഘടിപ്പിച്ച മേളയില്‍ ഇവിടെ തഹസില്‍ദാര്‍ 60ഓളം പട്ടയങ്ങള്‍ നല്‍കി. കൂടാതെ ഇരട്ടയാര്‍ ഡാമിന്റെ കാച്‌മെന്റ് ഏരിയയില്‍ 2000 പട്ടയങ്ങളും നല്‍കി. അര്‍ഹമായ പട്ടയങ്ങളാണ് നല്‍കിയതെങ്കിലും അതിനായി വമ്പന്‍ പിരിവാണ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ നടന്നത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘമാണ് ഇതിന്റെ പേരില്‍ പണം പിരിച്ചത്. സര്‍ക്കാര്‍ ഉത്തരവിനെ മറികടന്നാണ് ധാരാളം ജനങ്ങള്‍ എത്തുന്ന പട്ടയം ഓഫിസില്‍ പി എസ് വര്‍ഗീസിന് നിയമനം നല്‍കിയിരുന്നത്. ഇക്കാര്യവും വിജിലന്‍സ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

RELATED STORIES

Share it
Top