പട്ടം കോളനിയിലെ പട്ടയവിതരണം; റവന്യൂവിഭാഗം നടപടി ഊര്‍ജിതമാക്കി

നെടുങ്കണ്ടം: പട്ടംകോളനിയിലെ 124 പട്ടയ അപേക്ഷകള്‍ വിതരണം ചെയ്യാന്‍ റവന്യു വിഭാഗം നടപടികള്‍ ഊര്‍ജിതമാക്കി. ദേവികുളം സബ്കലക്ടര്‍ ഫയലില്‍ ഒപ്പിടാത്തതിനാല്‍ പട്ടയം നല്‍കാന്‍ കഴിയുന്നില്ലെന്നു കഴിഞ്ഞ താലൂക്കു വികസന സമിതിയില്‍ പരാതി ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്നു റവന്യുവിഭാഗം നടപടി ആരംഭിച്ചതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അറിയിച്ചു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ 124 പട്ടയ അപേക്ഷകളും പരിശോധന നടത്തി.
പട്ടയം നല്‍കുന്നതിനു നിയമ തടസ്സങ്ങളൊന്നും നിലവിലില്ലെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്തു വകുപ്പ്, റവന്യു, വനംവകുപ്പ്, പോലിസ്, മൃഗസംരക്ഷണവകുപ്പ്, മോട്ടര്‍വാഹനവകുപ്പ്, പൊതുവിതരണം വകുപ്പുകളിലെ ഉദ്യോഗസ്ഥരും, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍. തഹസില്‍ദാര്‍ പി എസ് ഭാനുകുമാര്‍, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശന്‍, നെടുങ്കണ്ടം പഞ്ചായത്തു വൈസ് പ്രസിഡന്റ് റാണി തോമസ് ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ പങ്കെടുത്തു. പുതുതായി ടാര്‍ ചെയ്യുന്ന ഉടുമ്പന്‍ചോല മണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്നും യോഗം പൊതുമരാമത്തു വകുപ്പിനോട് ആവശ്യപ്പെട്ടു. നെടുങ്കണ്ടം-കമ്പം, നെടുങ്കണ്ടം-ബോഡി എന്നിവിടങ്ങളിലേക്കു സംസ്ഥാനാന്തര സര്‍വീസുകള്‍ നടത്തുന്നതിനു കെഎസ്ആര്‍ടിസിക്കു താലൂക്കു വികസന സമിതിയോഗം കത്തുനല്‍കും.
മാലിന്യസംസ്‌കരണത്തിനായി ഉടുമ്പന്‍ചോല പഞ്ചായത്തു മാറ്റിയിട്ടിരുന്ന സ്ഥലം കയ്യേറിയതായി താലൂക്കു വികസന സമിതിയോഗത്തില്‍ പരാതി ഉയര്‍ന്നു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നു റവന്യു വിഭാഗം ഉറപ്പുനല്‍കി. തേവാരം-തേവാരംമെട്ട് റോഡ് തുറക്കുന്നതിനു മുന്നോടിയായി ഉടുമ്പന്‍ചോല താലൂക്കിലെ ജനസംഖ്യയും അനുബന്ധ വിവരങ്ങളും തേനി ജില്ലാ ഭരണകൂടത്തിനു കൈമാറാനുള്ള നടപടികളും റോഡിന്റെ ആവശ്യകത തമിഴ്‌നാട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിനായി പ്രത്യേക അപേക്ഷ തയാറാക്കാനും താലൂക്കു വികസനസമിതി യോഗം തീരുമാനിച്ചു. പഴയ മുണ്ടിയെരുമ വില്ലേജ് ഓഫിസ് കെട്ടിടവും പോലിസ് സ്‌റ്റേഷന്‍ കെട്ടിടവും നവീകരിച്ചു മുണ്ടിയെരുമ രജിസ്ട്രാര്‍ ഓഫിസിനു ക്വാര്‍ട്ടേഴ്‌സായി നല്‍കും.
ഇതോടൊപ്പം പഴയ കെട്ടിടത്തില്‍ രാത്രി കാലത്തു പരിശോധന നടത്തണമെന്നു നെടുങ്കണ്ടം പോലിസിനോടു യോഗം ആവശ്യപ്പെട്ടു. തൂക്കുപാലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ െ്രെഡവര്‍മാരുടെയും പോലിസ്, റവന്യു, ജനപ്രതിനിധികള്‍ എന്നിവരുടെയും നേതൃത്വത്തില്‍ സംയുക്തയോഗം വിളിക്കാനും താലൂക്കു വികസനസമിതി ജോയിന്റ് ആര്‍ടിഒക്കു കത്തുനല്‍കും.

RELATED STORIES

Share it
Top