പടിയിറങ്ങിയതു ബാര്‍ കോഴയില്‍ തട്ടി; മടങ്ങിവരവ് ചെങ്ങന്നൂരിലൂടെ

കോട്ടയം: ബാര്‍ കോഴക്കേസിനെ ചൊല്ലി യുഡിഎഫില്‍ നിന്നു പടിയിറങ്ങിയ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ മടങ്ങിവരവിനു വഴിയൊരുക്കിയത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്. ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാംപിന് ശേഷം 2016 ആഗസ്ത് ഏഴിനാണ് 34 വര്‍ഷത്തെ യുഡിഎഫ് ബന്ധം കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി വിച്ഛേദിക്കുന്നത്.
ബാര്‍കോഴക്കേസില്‍ കെ എം മാണിയെ കുടുക്കാന്‍ കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ മനപ്പൂര്‍വം ശ്രമിച്ചെന്ന് ആരോപിച്ചാണ് യുഡിഎഫുമായി മാണി വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ബാര്‍ കോഴക്കേസ് ഉണ്ടാവുമ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടായിരുന്നു കേരളാ കോണ്‍ഗ്രസ്സിന്റെ പടയൊരുക്കം. കേരളാ കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കുമില്ലെന്നും ഒറ്റയ്ക്കു നില്‍ക്കുമെന്നും ചെയര്‍മാന്‍ പ്രഖ്യാപിച്ചു. അതേസമയം, കേരളാ കോണ്‍ഗ്രസ്സിനെ പുറത്താക്കിയിട്ടില്ലെന്നും അവര്‍ സ്വയം പുറത്തുപോയതാണെന്നുമായിരുന്നു യുഡിഎഫ് നേതാക്കളുടെ പ്രതികരണം. എന്നാല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചതോടെ ഇരുകൂട്ടരും തമ്മിലുള്ള അകലം വര്‍ധിച്ചു.
മറുവശത്തു കെ എം മാണിയും എല്‍ഡിഎഫുമായി അടുക്കുന്നുവെന്ന പ്രചാരണം ശക്തമായി. കെ എം മാണിയുടെ നിലപാടിനെ സ്വാഗതം ചെയ്തു സിപിഎമ്മിലെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയതും ശ്രദ്ധേയമായി. കെ എം മാണിയോടു മൃദുസമീപനമാണു സിപിഎം സ്വീകരിച്ചുപോന്നിരുന്നത്. എല്‍ഡിഎഫുമായി സഹകരിക്കാന്‍ കെ എം മാണി മാനസികമായി തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍, കെ എം മാണിയെ ഒരു കാരണവശാലും എല്‍ഡിഎഫിലെടുക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടു സിപിഐ സ്വീകരിച്ചത് മാണിക്കും സിപിഎമ്മിനും കനത്ത തിരിച്ചടിയായി. കെ എം മാണിയെ യുഡിഎഫിലേക്കു മടക്കിയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിവച്ചത് മുസ്‌ലിംലീഗാണ്. പ്രത്യുപകാരമായി വേങ്ങര, മലപ്പുറം ഉപതിരഞ്ഞെടുപ്പുകളില്‍ അവരെ കേരളാ കോണ്‍ഗ്രസ് പിന്തുണച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പാണു കേരളാ കോണ്‍ഗ്രസ്സിന് യുഡിഎഫിലേക്കുള്ള പാലമായത്. യുഡിഎഫ് നേതാക്കള്‍ പാലായിലെ മാണിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതോടെയാണു മഞ്ഞുരുകിയത്. ചെങ്ങന്നൂരില്‍ യുഡിഎഫിനെ പിന്തുണച്ചുവെങ്കിലും സ്ഥാനാര്‍ഥി പരാജയപ്പെട്ടു. എന്നാല്‍ അതിനു മുമ്പുതന്നെ ഉപാധികളോടെ മുന്നണിയിലേക്കുള്ള പാര്‍ട്ടിയുടെ തിരിച്ചുവരവ് കെ എം മാണി ഉറപ്പിച്ചിരുന്നു.

RELATED STORIES

Share it
Top